2010, മേയ് 6

യാത്ര

പ്ലാറ്റ്ഫോമിൽ ഒരു വിധം നല്ല തിരക്കുണ്ട്. ഇപ്പോൾ വന്നു ചേർന്ന ഏതൊ ട്രെയിനിൽ നിന്ന് ഇറങ്ങിയവർ സ്റ്റേഷനു പുറത്തേക്ക് നടക്കുന്നു. അവരുടെ പിന്നാലെ പോർട്ടർമാരും. ട്രെയിൻ വരാൻ ഇനിയുമുണ്ട് മിനിറ്റുകൾ. അവൾ  ഒഴിഞ്ഞ ഇടം നോക്കി ഇരുന്നു. വിവിധ സ്ഥലങ്ങളിലേക്ക് പോകാനെത്തിയ പലതരം യാത്രക്കാരുണ്ട് സ്റ്റേഷനിൽ.  ഉറക്കെ സംസാരിച്ച് ബഹളം കൂട്ടിക്കൊണ്ട് കുറച്ച് പേർ ഒരു വശത്തിരിക്കുന്നുണ്ട്. നാടോടികൾ ആയിരിക്കണം.

ഉറക്കെ ചൂളം വിളിച്ച് കൊണ്ട് ഒരു ട്രെയിൻ വന്നു. നീണ്ട യാത്രാക്ഷീണത്താൽ തളർന്ന മുഖങ്ങളുമായി കുറെപേർ അതിൽ നിന്നിറങ്ങി.  വൈകാതെ ആ വണ്ടി കടന്നു പോയി. തിരുവനന്തപുരത്തേക്കുള്ള  ട്രെയിനിന്റെ അനൌൺസ്മന്റ് കേട്ട് അവൾ തന്റെ ചെറിയ ബാഗുമെടുത്ത് എഴുന്നേറ്റു.


ട്രെയിൻ വന്നു നിന്നു. തനിക്ക് കയറാനുള്ള കമ്പാർട്ട്മെന്റ് തേടിപ്പിടിച്ച് അതിൽ കയറി സീറ്റ് കണ്ടെത്തി ഇരുന്നു. സീറ്റുകളിലെല്ലാം ആളുകളുണ്ട്. എതിരെയുള്ള സീറ്റിലുണ്ടായിരുന്ന സ്ത്രീ സൌഹൃദഭാവത്തിൽ ഒന്നു പുഞ്ചിരിച്ചു. അവൾ കഷ്ട്ടപ്പെട്ട് ഒന്നു ചിരിച്ചുവെന്ന് വരുത്തി. എന്നോ കൈമോശം വന്ന് പോയ ഒരു കഴിവ്!! വണ്ടി മെല്ലെ നീങ്ങിത്തുടങ്ങി.

ഒന്നു രണ്ട് സ്റ്റേഷനുകൾ കഴിഞ്ഞപ്പോൾ  കയറിയ രണ്ട് മൂന്ന് പേരിൽ കുറച്ച് പ്രായമാ‍യ ഒരു വല്ല്യപ്പൻ അടുത്ത സീറ്റിൽ വന്നിരുന്നു. വല്ല്യപ്പൻ ഒരു സംസാരപ്രിയനാണ്. എല്ലാവരുടെയും വിശേഷങ്ങൾ ചോദിച്ചും തന്റെ വിശേഷങ്ങൾ പകുത്തും ഇരിക്കുകയാണ് കക്ഷി. എല്ലാവരോടും സംസാരിക്കുന്ന കൂട്ടത്തിൽ അദ്ദേഹം അവളോടും ചോദിച്ചു: ജോലിക്ക് പോകുന്നതാകും അല്ലെ? മറുപടി പറഞ്ഞില്ല. വല്ല്യപ്പൻ അത് പ്രതീക്ഷിച്ചുമില്ലെന്നു തോന്നുന്നു. യാത്രയിലെ വിരസതക്ക് പരിഹാരമെന്നോണം എല്ലാവരും എന്തെല്ലാമൊ സംസാരിച്ച് കൊണ്ടിരിക്കുന്നുണ്ട്. അവൾക്ക് ഒന്നിലും താത്പര്യം തോന്നിയില്ല.  പുറകിലേക്ക് ഓടിമറയുന്ന കാഴ്ചകളിലേക്ക് അവളുടെ കണ്ണുകൾ നീണ്ടു. കൃഷി ഇറക്കാത്ത പാടങ്ങൾ.....തന്റെ മനസ്സുപോലെ അവയും വരണ്ടു കിടക്കുന്നു....പുറംകാഴ്ചയുടെ നിറങ്ങൾ ഒന്നും മനസ്സിൽ പതിയാതായപ്പൊ സീറ്റിൽ ചാരിയിരുന്ന് ഉറങ്ങാൻ ഒരു ശ്രമം നടത്തി. അത് നിഷ്ഫലമാക്കിക്കൊണ്ട് നീറുന്ന ചിന്തകളിലേക്ക് മനസ്സ് വീണ്ടും കൂപ്പ്കുത്തി.......

സ്റ്റേഷനുകൾ പലതും കടന്ന് പോയിരിക്കുന്നു. ഇറങ്ങാനുള്ള സ്റ്റേഷൻ അടുത്തപ്പൊ അവളും തയ്യാറായി. ഇതിനിടെ കൂടെ യാത്ര ചെയ്തിരുന്ന പലരും ഇറങ്ങിപ്പൊയ്ക്കഴിഞ്ഞിരുന്നു. ട്രെയിനിൽ നിന്നിറങ്ങി സ്റ്റേഷനു പുറത്തെത്തി. പുറത്ത് വെയിൽ കത്തുന്നു. ഒരു ഓട്ടോ വിളിച്ചു പോകേണ്ട സ്ഥലം പറഞ്ഞു. കുറച്ച് ദൂരം ചെന്നപ്പോൾ ഒരു വലിയ ഗേറ്റിനു മുൻപിൽ ഓട്ടൊ നിന്നു.  ഗേറ്റിനു മുകളിൽ ഒരു വലിയ ബോർഡ് ‘റീജ്യനൽ കാൻസർ സെന്റർ’...... ഇതായിരിക്കുമൊ തന്റെ ജീവിതയാത്രയുടെ അവസാന സ്റ്റേഷൻ എന്ന ചിന്തയോടെ അവൾ അകത്തേക്ക് നടന്നു.

12 അഭിപ്രായങ്ങൾ:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഇല്ല; ദൈവത്തിന്റെ ഖജനാവില്‍ ആയുസ്സ് ഇനിയും ഒരു പാട് ബാക്കിയുണ്ടാവാം.
ജീവിക്കുന്ന തെളിവുകള്‍ ഇഷ്ടം പോലെ...

Rejeesh Sanathanan പറഞ്ഞു...

ഈ യാത്രയുടെ അവസാനം ഞെട്ടിച്ചു........

Praveen പറഞ്ഞു...

ഇല്ല....ഇനിയും യാത്രകലനവധി ബാക്കിയുണ്ട്....ഇതൊരു ഇടത്താവളത്തിലെ ചെറിയൊരു അര്‍ദ്ധവിരാമം മാത്രം....

ഇഷ്ടപ്പെട്ടു വേദനിപ്പിച്ചു....

അജ്ഞാതന്‍ പറഞ്ഞു...

തിരുത്തിൽ വായിച്ചതാണു എന്നാലും ഒന്നു കൂടി വായിച്ചു . ആശംസകൾ ..

പട്ടേപ്പാടം റാംജി പറഞ്ഞു...

വായിച്ചു പോകുമ്പോള്‍ ഇങ്ങിനെയൊരു യാത്രയിലെക്കാണെന്നു ഒരിക്കലും കരുതിയില്ല.
അവസാനം വേദന പടര്‍ത്തി കഥ അവസാനിച്ചപ്പോള്‍ ഒരു നൊമ്പരം.

Manoraj പറഞ്ഞു...

നൊമ്പരങ്ങൾ ഒത്തിരി നമുക്ക് ചുറ്റും.. നമ്മൾ കാണാത്തവ.. നന്നായി.. ഈ കഥ.. പറഞ്ഞ രീതിയും

കുഞ്ഞാമിന പറഞ്ഞു...

ഇസ്മായിൽ, മലയാളി, പ്രവീൺ,ഉമ്മു അമ്മാർ,പട്ടേപ്പാറ്റം റാംജി,മനൊരാജ് വന്നതിനും വായിച്ച് അഭിപ്രായം പറഞ്ഞതിനും എല്ലാവർക്കും നന്ദി.

മാണിക്യം പറഞ്ഞു...

യാത്ര !നന്നായി അവതരിപ്പിച്ചു അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തി...
മുന്‍‌കൂട്ടി മരണത്തെ ചിലര്‍ക്ക് കാണാനാവും
ചിലര്‍ അതറിയുകയേ ഇല്ല...
എങ്കിലും എന്നും ജനിക്കുമ്പോള്‍ മുതല്‍ മരണം
നിഴല്‍ പോലെ കൂടെയുണ്ട്
ഭയക്കണ്ട ചങ്ങാതിയായി കാണാം
ട്രെയിനില്‍ നിന്ന് ഓട്ടോയില്‍ കയറി യാത്ര തുടര്‍ന്നപ്പോള്‍ ഭയന്നില്ലല്ലൊ അതുപോലെ
ഈ ജന്മത്തില്‍ നിന്ന് അടുത്ത ജന്മത്തിലേക്ക്
യാത്ര തുടരുന്നു.. ....

sm sadique പറഞ്ഞു...

കഥക്കും ജീവിതത്തിനും അവസാനമുണ്ട്.
ഈ കഥയും........;
നല്ല അവതരണം.

സിനു പറഞ്ഞു...

വായിച്ചു തീര്‍ന്നപ്പോള്‍ സങ്കടം തോന്നി
മാണിക്യം ചേച്ചി പറഞ്ഞ പോലെ കഥയുടെ അവസാനം വരെ സസ്പെന്‍സ് നിലനിര്‍ത്തി..

Sulfikar Manalvayal പറഞ്ഞു...

വായിച്ചു മുക്കാല്‍ ഭാഗമെത്തിയപ്പോള്‍ ഓര്‍ത്തു. ഇതെന്തു കഥ. ഒന്നും പറയുന്നില്ലല്ലോ എന്ന്.
അവസാനം എല്ലാ ചിന്തകള്‍ക്കും വിരാമമിട്ടുകൊണ്ട് വാക്കുകള്‍ വന്നു. "റീജിയണല്‍ കാന്‍സര്‍ സെന്‍റേര്‍"
ഒരു നിമിഷം നിശബ്ദനായി പോയി. നല്ല പഞ്ച്.\

എന്തു പറഞ്ഞിട്ടെന്‍താ. അതെല്ലാം കളഞ്ഞു കൂലിച്ചില്ലെ ഇപ്പോള്‍?

കുഞ്ഞാമിന പറഞ്ഞു...

മാണിക്യം,sm sadique, സിനു, SULFI അഭിപ്രായങ്ങൾക്ക് നന്ദി.