2010, ജൂലൈ 6

‘സുവോളജി ലാബിലെ തവള’

ഇന്നലെ വന്ന ഒരു മെയിലിൽ തവളയുടെ ചിത്രം  കണ്ടപ്പോഴാണു  സുവോളജി ലാബിലെ തവളകളെ ഓർമ്മ വന്നത്. പ്രീഡിഗ്രിക്ക് സുവോളജി ലാബിലേക്ക്  വലതുകാൽ വച്ചു കയറുമ്പൊ ഉണ്ടായിരുന്ന ഏക പ്രാർഥന തവളയെ തൊടാൻ ഇടയാകരുതെ എന്നായിരുന്നു. പ്രാർഥന വെറുതെ ആയില്ല  തവളകൾക്ക് ക്ഷാമമായിരുന്നതിനാൽ അന്നവയെ തൊടേണ്ടി വന്നില്ല. ഉള്ളവയെ ഒക്കെ ഡിഗ്രിചേട്ടന്മാർക്കും ചേച്ചിമാർക്കും വീതിച്ചു കൊടുത്ത്  ഞങ്ങൾ ഉദാരമനസ്കരായി.  ടീച്ചർ  വയറു പൊളിച്ച്  കൊടി  കുത്തി വച്ചിട്ടുള്ള തവളയുടെ പാർട്സ് ഏതൊക്കെ   ആണെന്നു നോക്കിയും, പാറ്റ, ചെമ്മീൻ എന്നിവയെ കീറി മുറിച്ച് അകത്തുള്ളതെല്ലാം പുറത്തേക്ക് വലിച്ചിട്ടും പാറ്റക്ക് എത്ര കണ്ണുണ്ട് ചെമ്മീനിനെത്ര കാലുണ്ട് എന്നു നോക്കി  പഠിച്ചും നിർവൃതി അടഞ്ഞു ഞങ്ങൾ.

ഡിഗ്രിക്ക് ചേർന്നപ്പോൾ ആദ്യം ബോട്ടണി എടുത്ത ഞാൻ പിന്നീട് അക്വാകൾചറിലേക്ക് ( ആർട്സ്കാരുടെ ഭാഷയിൽ പറഞ്ഞാൽ പുല്ലോളജിയിൽ നിന്നും മീനോളജിയിലേക്ക്) താമസം മാറ്റിയത് തന്നെ ബോട്ടണി സബ് ആയ സുവോളജിയിൽ തവളനെ കീറേണ്ടി വരുമല്ലോന്നുള്ള ബോധോദയം ഉണ്ടായപ്പോഴാണ്. പക്ഷെ അവിടെ എനിക്ക് തെറ്റി അക്വാകൾച്ചറിന്റെ സബ് സുവോളജിയിലും  തവളയെ  കീറൽ നിർബന്ധമായിരുന്നു. അത് അറിയാൻ വൈകി. ഇനീം എന്ത് ചെയ്യുംന്ന് കരുതി വിഷമിച്ചിരുന്നപ്പോഴാണു  തലയിൽ പെട്ടെന്നൊരു ഐഡിയ തെളിഞ്ഞത്. ഒന്നുകൂടെ പോയി മെയിൻ മാറ്റി literature ലേക്ക് ചേക്കേറാം (this idea can change my life!!!!!) അവിടാകുമ്പൊ ഈ ജീവനുള്ള സാധനങ്ങളെ കീറിപ്പൊളിച്ച് അവറ്റകൾടെ ശാപം വാങ്ങേണ്ടി വരില്ല( മനസ്സിൽ ഒരു ലഡ്ഡു പൊട്ടി) മിസ്സ് ആയിപ്പോയ പ്രാക്റ്റിക്കൽ ക്ലാസ്സ് മേക്കപ്പ് ചെയ്യാൻ ടീച്ചർടെ സാരിയിൽ തൂങ്ങി നടക്കണ്ട (മനസ്സിൽ മറ്റൊരു ലഡ്ഡു പൊട്ടി) പിന്നെ എല്ലാത്തിലും പ്രധാനമായി സൌകര്യം പോലൊക്കെ ക്ലാസ്സിൽ കയറിയാൽ മതി ( മനസ്സിൽ എക്സ്ട്രാ ഒരു ലഡ്ഡു കൂടെ പൊട്ടി). അങ്ങനെ ഒരു വെടിക്ക്  2 ,3 പക്ഷികളെ ഒപ്പിക്കാൻ പറ്റോലോന്നുള്ള സന്തോഷത്തോടെ ഗ്രൂപ്പ് മാറാൻ ചെന്ന എന്നോട് പൊട്ടിയ ലഡ്ഡു ഒക്കെ സൂപ്പർ ഗ്ലു വച്ചൊട്ടിച്ച് തിരികെ പാക്കറ്റിലേക്കിട്ടിട്ട് ഓഫീസിലുള്ള ആ കണ്ണിൽ ചോര ഇല്ല്ലാത്തവർ പറഞ്ഞു എന്റെ ഇപ്പോഴത്തെ സീറ്റിനു ആവശ്യക്കാർ  വേറെ ഉണ്ടെന്ന് (ഇത് വേണ്ടെങ്കിൽ കുടുംബത്ത് പോയിരുന്നോളാൻ).  അതോടെ ഗ്രൂപ് മാറാന്നുള്ള ആഗ്രഹം എടുത്ത് ഞാൻ അക്വാകൾച്ചർ ലാബിൽ ഇട്ടു (കോളേജിലെ പൊട്ടക്കുളം). അല്ലെങ്കിലും കോളേജ് ഓഡിറ്റോറിയത്തിനു ഫണ്ട് ഉണ്ടാക്കി കൊടുക്കാനല്ലല്ലൊ ഞാൻ ‘കഷ്ട്ടപ്പെട്ട്?‘ പഠിച്ച് പ്രീഡിഗ്രി പാസ്സായി ഡിഗ്രിക്ക് ചേർന്നത്.

 അപ്പൊ പറഞ്ഞ് വന്നത് തവളടെ കാര്യമാണ്. കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും   തവളയെ തൊടാനുള്ള  അറപ്പും വിഷമവും ആദ്യത്തെ 1 ,2 ദിവസം മാത്രമെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഒരു തവളയെ ഇങ്ങോട്ട് തരേണ്ട താമസം അതിനെപ്പിടിച്ച്    4, 5 മൊട്ടുസൂചി അടിച്ച് കയറ്റി കുരിശിൽ തറച്ചത് പോലെ ഡിസ്സെക്ഷൻ ബോർഡിൽ വെച്ച് ടീച്ചർടെ നിർദ്ദേശങ്ങൾക്കായി ഉത്സാഹത്തോടെ കാത്തു നിൽക്കുമായിരുന്നു.


ഞങ്ങൾ ലാബിൽ എത്തുമ്പോഴേക്കും ലാബ് അസിസ്റ്റന്റ് ചേട്ടൻ തവളകളെ റെഡി ആക്കി ഡിസ്സക്ഷൻ ബോർഡിൽ വച്ചിട്ടുണ്ടാകും . അന്നൊരു ദിവസം അസിസ്റ്റന്റ് ചേട്ടനു എന്തൊ അസൌകര്യം കാരണം ജൂനിയർ അസിസ്റ്റന്റിനായിരുന്നു ലാബ് ഡ്യൂട്ടി. തവളയുടെ കണ്ണിന്റെ ഭാഗത്തുള്ള 6th ക്രേനിയൽ നെർവ് എന്നൊ മറ്റൊ പറഞ്ഞ ഒരു സംഭവം ആണു കണ്ടെത്തേണ്ടിയിരുന്നത്. ടീച്ചർ ഒരു 1/2 മണിക്കൂർ കൊണ്ട്  അതിനെ  എങ്ങനെ കണ്ടെത്താം എന്ന് കാണിച്ച് തന്നു. ഇനി 1 1/2 മണിക്കൂർ ഞങ്ങൾക്കുള്ളതാണ്. ഡിസ്സെക്ഷൻ ബോർഡിൽ തവളയെ കമിഴ്ത്തി വച്ച് കയ്യും കാലും തലയും ഒക്കെ വലിച്ച് വച്ച് മൊട്ടുസൂചിയടിച്ചു. ഡിസ്സെക്ഷൻ തുടങ്ങി. കണ്ണ് ആവശ്യമെങ്കിൽ മാത്രം മാറ്റിയാൽ മതി എന്നു ടീച്ചർ നേരത്തെ പറഞ്ഞിരുന്നു. പക്ഷെ കണ്ണിന്റെ താഴെയുള്ള നെർവ് അല്ലെ അത് തോണ്ടി എടുക്കൂന്ന സമയത്തെങ്ങാൻ തവള കണ്ണു തുറന്നു നോക്കി concentration കളഞ്ഞാലൊ എന്നു കരുതി   ആദ്യം തന്നെ അതെടുത്ത് മാറ്റി. പിന്നീട്  കണ്ണിന്റെ ഭാഗത്തെ തൊലിയൊക്കെ കുറച്ച് നീക്കി നെർവ് കണ്ടു പിടിക്കാൻ ശ്രമം തുടങ്ങി. കുറച്ച് നേരം കഴിഞ്ഞപ്പൊ എവിടുന്നൊ ഒരു തവളടെ കരച്ചിൽ. ടാങ്കിൽ ബോധം പോകാതെ ബാക്കി കിടന്നിരുന്നതാകണം. ഞങ്ങൾ കീറിമുറിക്കൽ തുടർന്നു. അപ്പോളതാ പിന്നെയും കരച്ചിൽ. ഇത്തവണ തവളടെ കരച്ചിൽ മാത്രമായിരുന്നില്ല. അതിനേക്കാൾ മെനകെട്ട ഒരു മനുഷ്യക്കരച്ചിലും പിന്നാലെ വന്നു. നോക്കുമ്പോൾ അടുത്ത ടേബിളിൽ ആദ്യം നെർവ് കണ്ടെത്തുന്നത് താനായിരിക്കും എന്ന മട്ടിൽ തവളയുമായി മൽ‌പ്പിടുത്തം നടത്തിയിരുന്ന സുഹൃത്താണ്. കക്ഷി കീറിക്കൊണ്ടിരുന്ന കൊണ്ടിരുന്ന തവളയാണു കരഞ്ഞത്. അതിന്റെ ബോധം മുഴുവൻ പോയിരുന്നില്ല. ടീച്ചർ അസിസ്റ്റന്റ് ചേട്ടനെ വിളിച്ച് അതിനെ വീണ്ടും ബോധം കെടുത്താൻ കൊടുത്തു. ഞങ്ങൾ വീണ്ടും നെർവ് തപ്പൽ തുടർന്നു. പെട്ടെന്നതാ വീണ്ടും ഒരു കരച്ചിൽ.അതെന്റെ തവളയിൽ നിന്നാണെന്നു മനസ്സിലാക്കാൻ ഒരു നിമിഷം എടുത്തു. വീണ്ടും  കരയുന്നതിനു മുൻപെ തന്നെ ഞാൻ ഒരടി പുറകോട്ട് മാറി. ബാക്കിയുള്ള ഒരു കണ്ണ് തുറന്ന് എന്റെ നേർക്കത് ദേഷ്യത്തോടെ  നോക്കി. അടുത്ത കരച്ചിലിനോടൊപ്പം എന്നോടുള്ള സകല ദേഷ്യവും ശരീരത്തിലേക്കാവാഹിച്ച് സർവ്വ ശക്തിയുമെടുത്ത് അത്  ഡിസെക്ഷൻ ബോർഡിൽ നിന്നും ഒരൊറ്റ ചാട്ടം. ‘പ്‌ധിം’ ദാ കിടക്കുന്നു  താഴെ. ചാടിയത് എന്റെ നേർക്കായിരുന്നെങ്കിലും ചാട്ടം പിഴച്ചു. മൊട്ടുസൂചി അടിച്ചത് അത്ര ഉറപ്പിലായിരുന്നതിനാൽ  തവളക്ക്  ഈസിയായി സൂചിയും പറിച്ച് ചാടാൻ പറ്റി. ഇത് കൂടി കണ്ടതോടെ ബാക്കി എല്ലാവരും വെറുതെ റിസ്ക് എടുക്കണ്ടാന്നു കരുതി സൂചിയൊക്കെ ഒന്നു കൂടി അടിച്ചുറപ്പിക്കാൻ തുടങ്ങി.പക്ഷെ അപ്പോഴേക്കും എല്ലാം കൈവിട്ട് പോയിരുന്നു. മിക്കവാറും എല്ലാ തവളകളും കരച്ചിൽ തുടങ്ങി.  ലാബിൽ ഒരു തവള ഗാനമേള. പിന്നെയും കുറെ എണ്ണം കൂടെ സൂചിയും പറിച്ച് താഴേക്ക് ചാടി. ഒരു കണ്ണില്ലാതെ ചോരയും ഒലിപ്പിച്ച് തലങ്ങും വിലങ്ങും ചാടുന്ന തവളകൾ ഒരു ഭാഗത്ത്. തവളകൾ ചാടുമ്പോൾ അതിനേക്കാൽ വല്ല്യ ചാട്ടം ചാടി ഞങ്ങൾ മറു ഭാഗത്തും. കുറെപ്പേർ പേടിച്ച് ബെഞ്ചിനു മുകളിലൊക്കെ കയറി. ലാബ് മൊത്തം ബഹളമയം. സാധാരണ നിലക്ക് ഞങ്ങൾ ലാബിലുള്ളപ്പൊ അതിനകത്താരെകിലുമുണ്ടൊ എന്നു കയറി നോക്കിയാൽ മാത്രം അറിയുന്നിടത്ത് ( ഒരു തവളനെയെ ഒരു ഡിസ്സെക്ഷന് കിട്ടു അപ്പൊ സംസാരിച്ച് നിന്നു ഡിസ്സെക്ഷൻ ശരിക്ക് നടത്തിയില്ലെങ്കിൽ പിന്നെ  അതെ ഡിസ്സക്ഷൻ നടത്താനുള്ള തവളയെ എക്സാം ഹാളിലെ കാണു. അല്ലെങ്കിൽ പിന്നെ ടീച്ചർടെം അസിസ്റ്റന്റിന്റെം ഒക്കെ കയ്യും കാലും പിടിക്കണം.അതാ ലാബിൽ ഇത്ര മര്യാദ അല്ലാതെ ഞങ്ങളെല്ലാം അത്ര മര്യാദക്കാരായിരുന്നോന്ന് തെറ്റിദ്ധരിക്കരുതെ......) പതിവില്ലാത്ത ബഹളം കേട്ടപ്പൊ  ലാബിനു മുൻപിലെ വരാന്തയിലൂടെ പോയവരൊക്കെ എന്താണെന്നറിയാൻ ജനലിലൂടെ എത്തി നോക്കാൻ തുടങ്ങി. ആരൊക്കെയൊ ചീഫ് അസിസ്റ്റന്റ് ചേട്ടനെ വിളിക്കാൻ ഓടി. ആളു വന്ന്  ഒരു വിധത്തിൽ തവളകളെ പിടിച്ച് ടാങ്കിലിട്ട് വീണ്ടും ക്ലോറോഫോം കൊടുത്തത്തിനു ശേഷമാണു എല്ലാർടേം ശ്വാസം നേരെ വീണത് ........ജൂനിയർ ചേട്ടൻ കൊടുത്ത ക്ലോറോഫോമിന്റെ അളവ് കുറഞ്ഞ് പോയതാണത്രെ.....അത്  കൂടീട്ടിനി തവളകൾ ചത്ത് പോകേണ്ടാന്നു കരുതിയിട്ടാകണം. ഞങ്ങൾക്ക് കീറി മുറിക്കാനാണ് ഇവറ്റകളെ തരുന്നതെന്നു ആൾക്ക് അറിയില്ലായിരുന്നൊ എന്തൊ?....അതിനു ശേഷം കുറേ ദിവസത്തേക്ക് സ്വപ്നത്തിൽ മുഴുവൻ ഒറ്റക്കണ്ണുമായി ചോരയൊലിപ്പിച്ച് ചാടുന്ന തവളകളുടെ മാർച്ച്പാസ്റ്റ് ആയിരുന്നു...

2010, ജൂൺ 10

“ഹൈ ഹീൽ”

ജോലികൾ കഴിഞ്ഞ് നെറ്റിൽ ഒന്നു പരതാൻ ഇരുന്നതാണു ഷബ്ന. അപ്പോഴാണു ഫോൺ ബെൽ അടിച്ചത്. എടുത്ത് നോക്കിയപ്പൊ സമീറ. ഫോണെടുത്തതും അവൾ പറഞ്ഞു“ നീ അറിഞ്ഞൊ നമ്മുടെ ഫൌസി കാലൊടിഞ്ഞ് പ്ലാസ്റ്ററിട്ട് കിടപ്പിലാണ്’. "ഉവ്വൊ ഞാനറിഞ്ഞില്ലാലൊ ...എപ്പൊ ?എങ്ങനെ ഒടിഞ്ഞു.?” "ആവൊ ....അതൊന്നും അറിയില്ല. എന്നോടിപ്പൊ നാസർക്ക വിളിച്ച് പറഞ്ഞതാ. അനീസിനെ പുറത്ത് വച്ച് കണ്ടപ്പൊ അവൻ പറഞ്ഞതാണത്രെ”  “അത് ശരി നമുക്കൊന്നു പോകണ്ടെ അവൾടടുത്ത്?എപ്പോഴാ നിനക്ക് സൌകര്യം.? എവിടെയാ ഹോസ്പിറ്റലിലാണൊ?”  “ഞാനത്  കൂടി ചോദിക്കാനാ വിളിച്ചത്. അല്ല ഹോസ്പിറ്റലിലല്ല വീട്ടിലാ.നമുക്കൊരു 5 മണി ആകുമ്പൊ പോയാലൊ?മോൻ സ്കൂളിന്ന് വന്നിട്ടുണ്ടാകും അപ്പൊഴാകുമ്പൊ നാസർക്കയും വീട്ടിൽ കാണും.”  “ ശരി ഞാനെന്നാൽ 5 മണി ആകുമ്പൊ  അത് വഴി വരാം . നീ റെഡി ആയി നിന്നൊ”    “എന്നാൽ ഒകെ വൈകിട്ട് കാണാം”. സമീറ സലാം ചൊല്ലി ഫോൺ വച്ചു.

അവർ ചെല്ലുമ്പൊ അനീസ് റൂമിലുണ്ട്. ഫൌസി പ്ലാസ്റ്ററിട്ട കാലും നോക്കി കട്ടിലിൽ കിടക്കുന്നു. “ ഇതെന്ത് പറ്റി ഫൌസി?ഇതെങ്ങനെ ഒടിഞ്ഞു?”ഷബ്നയുടെ ചോദ്യം കേട്ടപ്പൊ ഫൌസി അനീസിനെ ഒന്നു നോക്കി. “എന്നെ എന്തിനാ നോക്കുന്നെ ഞാനെങ്ങാൻ തല്ലി ഒടിച്ചതാണൊ നിന്റെ കാല്? പറഞ്ഞ് കൊടുക്കവരോട് എന്താ പറ്റിയതെന്ന്.’ “എന്താ അനീസെ നീ നല്ല ദേഷ്യത്തിലാണല്ലൊ? എന്ത് പറ്റി?”  “ഒന്നും പറയണ്ട എന്റെ സമീർത്ത ഒരു നൂറ് വാക്ക് ഞാൻ പറഞ്ഞതാ വേണ്ടാ വേണ്ടാന്ന് അതെങ്ങിനെ പറഞ്ഞാൽ കേൾക്കണ സ്വഭാവം ഇവൾക്ക് പണ്ടെ ഇത്തിരി കൊറവാണല്ലൊ”   “ നീ ചൂടാകാതെ കാര്യം പറ അനീസെ”  “ അവളു തന്നെ പറയട്ടെ. നിങ്ങളിവിടെ കുറച്ച് നേരം കാണുമല്ലോലെ. ഞാനൊന്ന് പുറത്ത് പോയിട്ട് വരാം” “ശരി  നീ പോയിട്ട് വാ ഞങ്ങളിവിടെ ഇരിക്കാം ” അനീസ് പോയി.

 “എന്താ ഫൌസി  എങ്ങിനെ പറ്റിയെന്നു പറ നീ” മറുപടി അവൾടെ പെട്ടെന്നുള്ള കരച്ചിലായിരുന്നു. അവർ പെട്ടെന്നു വല്ലാതായി. എന്ത് പറ്റിയാവോന്നോർത്തു. കരച്ചിൽ നിർത്തി അൽ‌പ്പം കഴിഞ്ഞിട്ടാണവൾ കാര്യം പറഞ്ഞത്. “ഷബ്നത്താക്കോർമ്മയില്ലെ ഞാനൊരിക്കൽ ഒരു ഹൈഹീൽ ചെരുപ്പ് വാങ്ങുന്നതിനെ പറ്റി പറഞ്ഞത്?”   “ഉവ്വ് ഞാനന്നെ പറഞ്ഞിരുന്നല്ലൊ വെറുതെ വാങ്ങിച്ച് വേണ്ടാത്ത പൊല്ലാപ്പൊന്നും ഉണ്ടാക്കണ്ടാന്ന്.”  “ഹും അന്നു ഇത്ത പറഞ്ഞത് കേട്ടാൽ മതിയായിരുന്നുന്ന് ഇപ്പൊ തോന്നണു. ആ ചെരുപ്പാ എന്നെ ഇപ്പൊ ഈ പരുവത്തിലാക്കിയെ.”

അവൾക്ക് ഗൾഫിൽ വന്ന നാൾ തൊട്ടെ അറബികളും  ഫിലിപ്പൈനികളുമൊക്കെ ഇടുന്നത് കാണുമ്പോളുള്ള ആഗ്രഹമായിരുന്നു ഒരു ഹൈ ഹീൽ ചെരുപ്പ് വാങ്ങി അതിട്ട് നടക്കണംന്നുള്ളത്. പിൻപോയിന്റ് ഹീത്സ് ഉള്ള ചെരുപ്പിട്ട്  അവർ ഈസിയായി നടന്നു പോകുന്നത് അവൾ വാ പൊളീച്ച് നോക്കി നിൽക്കുന്നത് ഷബ്ന പലപ്പോഴും കണ്ടിട്ടുണ്ട്. അന്നൊക്കെ അവൾടെ ഈ ആഗ്രഹത്തെ പരമാവധി നിരുത്സാഹപ്പെടുത്തിയിട്ടെ ഉള്ളു. ‘അവർക്ക് സ്ഥിരം ഇട്ടു ശീലമുള്ളതാ നീ അതു പോലെ ഇട്ടു നടന്നാൽ തലയും കുത്തി താഴെ കിടക്കും‘ന്ന് അന്നേ അവളോട് പറഞ്ഞിരുന്നു.  അപ്പൊ ഒക്കെ മൂളിക്കേൾക്കുമെങ്കിലും അവൾടെ ആഗ്രഹത്തിനു കുറവൊന്നും വന്നിട്ടില്ലാന്നു പിന്നീട് പലപ്പോഴും ഹൈഹീത്സ് കാണുമ്പോഴുള്ള അവൾടെ നോട്ടത്തിൽ നിന്നും മനസ്സിലായിരുന്നു. അത് കൊണ്ട് തന്നെ പിന്നീടതേ കുറിച്ചൊന്നും  പറയാൻ പോയില്ല.  ഇപ്പൊ രണ്ട് ആഴ്ച മുൻപ് വാശി പിടിച്ച്  അനീസിനെക്കൊണ്ട്  ഒരു ഹീത്സ് ഉള്ള ചെരുപ്പ് വാങ്ങിപ്പിച്ചു. അതിട്ട് വീട്ടിൽ തന്നെ കുറെ  നടന്ന് പ്രാക്റ്റീസ് ചെയ്തുത്രെ. രണ്ട് മൂന്ന് ദിവസം മുൻപ് പുറത്ത് പോകാൻ നേരം ഈ ചെരുപ്പിട്ട്  പുറത്തേക്കിറങ്ങാനുള്ള ആഗ്രഹം അടക്കാൻ പറ്റാതായി. അപ്പോഴും അനീസ് ചോദിച്ചതാണു ഒന്നു കൂടെ നടന്നൊക്കെ നോക്കീട്ട് പോരെ ഇതുമിട്ട് പുറത്തേക്കിറങ്ങാനെന്ന്. അവളത് കേൾക്കാതെ ഇപ്പൊ അത്യാവശ്യം പ്രാക്റ്റീസ് ആയിട്ടുണ്ടെന്നും പറഞ്ഞ് അതുമിട്ട് ഇറങ്ങി. സെക്കന്റ് ഫ്ലോറിൽ നിന്ന് താഴേക്കിറങ്ങാൻ സ്റ്റെപ്പിനടുത്തെത്തിയപ്പോഴും അനീസ് പറഞ്ഞു.”സൂക്ഷിച്ചെറങ്ങണെ തലയും  കുത്തി വീഴല്ലെ”. അവൾ ശരിയെന്ന് തല കുലുക്കി ഒരു ഫ്ലോർ ഇറങ്ങിക്കഴിഞ്ഞപ്പൊ കുറച്ച് കോൺഫിഡെൻസ് ആയി (അല്ലെങ്കിലും കോൺഫിഡെൻസ് കൂട്ടലാണല്ലൊ ഹൈഹീത്സിന്റെ പരമമായ ലക്ഷ്യം തന്നെ.) അടുത്ത സ്റ്റെപ്പുകൾ കുറച്ചൂടെ ഈസിയായി ഇറങ്ങി. പെട്ടെന്ന് ഒരു ശബ്ദം കേട്ട് അവൻ തിരിഞ്ഞ് നോക്കിയപ്പൊ ദാ കിടക്കുന്നു അവൾ മൂക്കും കുത്തി താഴെ ഹൈഹീത്സ് രണ്ടും രണ്ട് വഴിക്ക് തെറിച്ച് പോയി. എഴുന്നേൽക്കാൻ പറ്റാതെ കിടന്ന അവളെ ഒരു വിധത്തിൽ  പൊക്കി എഴുന്നേൽ‌പ്പിച്ച് കാറിനടുത്തെത്തിച്ചു. ഹോസ്പിറ്റലിൽ എത്തുമ്പോഴെക്കും  കാല്പാദം മുഴുവൻ നീര് വന്നു. എക്സ്റെ എടുത്ത് നോക്കിയപ്പൊ ഫ്രാക്ചർ ഉണ്ട് അടുത്ത ദിവസം പ്ലാസ്റ്ററിടാൻ ചെല്ലാൻ പറഞ്ഞ് വേദനക്കുള്ള മരുന്നും കൊടുത്തയച്ചു. ഇപ്പൊ ദാ പ്ലാസ്റ്ററിട്ട് ഈ കോലത്തിലായി. ഫൌസി പറഞ്ഞ് കഴിഞ്ഞ് ഒരു ദീർഘ നിശ്വാസം വിട്ടു.

ഷബ്നയും സമീറയും പരസ്പരം നോക്കി ചിരിക്കണൊ സഹതപിക്കണോന്നുള്ള സംശയത്തിലായിരുന്നു അവർ.  “ശരി എന്നിട്ട് നീയെന്തെ ഞങ്ങളെ വിളിച്ചറിയിക്കാഞ്ഞെ?” “അറിഞ്ഞാൽ നിങ്ങൾ വഴക്കു പറഞ്ഞാലോന്ന് കരുതിട്ടാ”  “ ഹും നല്ല കാര്യം... വഴക്ക് പറയല്ല  തലക്കിട്ട് നല്ല കിഴുക്ക് തരാ വേണ്ടെ. നിന്റെ കയ്യിലിരിപ്പിന്.”  “അല്ല എന്നിട്ട് നിന്റെയാ ഹൈഹീത്സ് ചെരുപ്പെവിടെ ഒന്നു കാണാൻ പറ്റൊ?” സമീറ. “കളിയാക്കല്ലെ സമീർത്ത... അത് അനീസ്ക്ക അന്നു തന്നെ എടുത്ത് വേസ്റ്റിൽ കളഞ്ഞുന്ന് തോന്നണു.”  “ അതെന്തായാലും നന്നായി. അല്ലെങ്കിൽ പ്ലാസ്റ്റർ വെട്ടിക്കഴിയുമ്പൊ നിനക്ക് വീണ്ടും അതിട്ട് നടക്കാൻ തോന്നിയാലൊ?”. “എന്നാലും ഒരു തവണ പോലും അതിട്ടൊന്ന് നടക്കാൻ പറ്റീലല്ലോന്നോർക്കുമ്പോഴാ എനിക്ക് സങ്കടം.” അത് ശരി അപ്പൊ നിനക്കീ കിട്ടിയതൊന്നും പോരാലെ? അല്ല ഭക്ഷണത്തിന്റെ കാര്യമൊക്കെ എങ്ങനെയാ? അനീസ് വല്ലതും ഉണ്ടാക്കൊ?അതൊ പുറത്തുന്ന് വാങ്ങിക്കെ?”  “ ഇന്നലെ  പുറത്ത്ന്നു വാങ്ങി. ഇന്നുച്ചക്ക് ചോറും ചമ്മന്തിയും ഉണ്ടാക്കി. രാത്രിക്ക് ബ്രഡ്ഡ് വാങ്ങാന്നു പറഞ്ഞു.” “ഹും എന്തായാലും രാത്രിക്ക് ബ്രഡ്ഡ് ആക്കണ്ട ഞങ്ങളെന്തെങ്കിലും ഉണ്ടാക്കി വെക്കാം. വാ സമീറ നമുക്കെന്തെങ്കിലും ഉണ്ടാക്കാൻ നോക്കാം. ഇവളെയോർത്തല്ല ആ പാവം അനീസിനെ ഓർത്തിട്ടാ.അവൾടെയൊരു ഹൈഹീൽ” അവർ അടുക്കളയിലേക്ക് നടന്നു.


ചപ്പാത്തിയും കറിയും ഉണ്ടാക്കി കഴിഞപ്പോഴേക്കും ബ്രഡ്ഡുമായി അനീസ് എത്തി. “എന്നാൽ പിന്നെ ഞങ്ങളിറങ്ങട്ടെ. ചപ്പാത്തിയും കറിയും ഉണ്ടാക്കിയിട്ടുണ്ട്. നീ നാളെ ഉച്ചക്ക് ജോലി കഴിഞ്ഞ് വരുമ്പൊ അത് വഴി വാ ഭക്ഷണം ഞാൻ തന്നയക്കാം. വൈകിട്ടത്തേക്ക് സമീറ റെഡി ആക്കും അല്ലാതെ എന്നും പുറത്തുന്ന് വാങ്ങൽ നടക്കില്ലല്ലൊ.”   “അല്ല ഷബ്നത്ത അതൊക്കെ ബുദ്ധിമുട്ടല്ലെ ഞാൻ ഇവിടെ എന്തെങ്കിലും ഉണ്ടാക്കിക്കോളാം.” “എന്ത് ബുദ്ധിമുട്ടാ അനീസെ.നിനക്ക് ജോലി കഴിഞ്ഞ് വന്ന് ഭക്ഷണം ഉണ്ടാക്കാൻ എവിടാ നേരം. ഇങ്ങനൊക്കെ അല്ലെ ഒരു സഹായം ചെയ്യാൻ പറ്റു. നീ ഷബ്ന പറഞ്ഞ പോലെ ചെയ്യ്.”  “എന്നാൽ പിന്നെ ഞങ്ങളിറങ്ങട്ടെ കുറെ വൈകി പൊട്ടെടീ ഹൈഹീൽകാരി.... 2 ദിവസം കഴിഞ്ഞ് വരാം” സലാം ചൊല്ലി ഇറങ്ങി. അനീസ് വാതിൽക്കലേക്ക് ചെന്നു.  പുറത്തിറങ്ങിയപ്പൊ ഒരു ജോടി ഹൈഹീൽ ചെരുപ്പുകൾ ഷൂറാക്കിൽ കണ്ട് അവർ പുഞ്ചിരിച്ചു.  അനീസിനു കാര്യം മനസ്സിലായി. “ അത് ഞാനെടുത്ത് കളയാൻ മറന്നു. അവൾടെ പ്ലാസ്റ്റർ വെട്ടുന്നതിനു മുൻപെടുത്ത് കളയണം അല്ലെങ്കിൽ വീണ്ടും അതിൽ കയറി നടക്കാൻ ആഗ്രഹം തോന്നിയാലൊ.”  “അതെ അതെ അധികം വൈകിക്കണ്ട” . തിരിച്ച് വീട്ടിലെത്തുന്നത് വരെ ആ  ഹൈഹീൽ ചെരുപ്പുകളും ഫൌസിയുടെ പ്ലാസ്റ്ററിട്ടുള്ള കിടപ്പുമായിരുന്നു  അവരുടെ മനസ്സിൽ.

2010, മേയ് 25

വിശപ്പ്

സൂര്യരശ്മികൾ മുഖത്ത് വന്നു പതിച്ചപ്പോൾ അപ്പു കണ്ണു തുറന്നു. അവൻ ആൽത്തറയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു. കഴിയുന്നില്ല. വയർ കത്തിയെരിയുന്ന വിശപ്പ്. 2 ദിവസമായി എന്തെങ്കിലും ശരിക്ക് കഴിച്ചിട്ട്. കയ്യിൽ ബാക്കിയുണ്ടായിരുന്ന ചില്ലറ കൊണ്ട് വാങ്ങിയ ഒരു പഴവും പൈപ്പിലെ വെള്ളവും കൊണ്ട് ഇന്നലെ വയറു നിറച്ചു. വിശപ്പ് കാരണം ശരിക്ക് ഉറങ്ങാൻ പോലും പറ്റിയില്ല. ഉറങ്ങാൻ പറ്റിയിരുന്നെങ്കിൽ അത്രയും നേരം കൂടെ വിശപ്പ് അറിയണ്ടായിരുന്നു. ‘ഇന്ന് ഇനി ഒരിത്തിരി ആഹാരത്തിനെന്താ ഒരു വഴി’ അവൻ ചിന്തിച്ചു.
ഒരു ജോലി അന്വെഷിച്ച് എവിടെയൊക്കെ അലഞ്ഞു. ഇത്തിരിപ്പോന്ന തനിക്ക് പറ്റിയ ജോലിയൊന്നും ഇല്ലത്രെ. കൂലി ഒന്നും വേണ്ട ആഹാരം മാത്രം തന്നാൽ മതിയെന്നു പറഞ്ഞിട്ട് പോലും ആരും ഒരു ജോലിയും തന്നില്ല. അവസാനം ഒരു വീട്ടിൽ സഹായത്തിനു നിന്നോളാൻ പറഞ്ഞു. കടയിൽ പോക്കും ചെടിക്ക് നനക്കലും അവിടുത്തെ ചെറിയ കുട്ടിയെ നോക്കലുമൊക്കെ ആയി കുറച്ച് ദിവസം കഴിഞ്ഞ് കൂടി. സന്തോഷത്തോടെ അവിടെ നിൽക്കുമ്പോളാണു ബാലവേല കുറ്റകരമാണെന്നൊക്കെ പറഞ്ഞ് അവിടെ വന്ന ആരൊ അവരെ പേടിപ്പിച്ചത്. അതെന്താണെന്നു അപ്പുനു ആദ്യം മനസ്സിലായില്ല. പിന്നെയാണു കുട്ടികളെ ജോലിക്ക് നിർത്തിയാൽ പോലിസ് പിടിക്കുംന്നാണവർ പറഞ്ഞതെന്നു മനസ്സിലായത്. അങ്ങനെ ആ ജോലി പോയി. അവിടുന്ന് പോരുമ്പൊ അവർ തന്ന കുറച്ച് പൈസ കൊണ്ട് ഇത് വരെ ആഹാരം കിട്ടി. ഇനി എന്ത് വേണംന്നറിയില്ല. എങ്ങനെയെങ്കിലും ഒരു ജോലി കണ്ടു പിടിക്കണം.ആരുടെ മുൻപിലും കൈ നീട്ടരുതെന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്.
അമ്മ ഉണ്ടായിരുന്നപ്പോൾ എന്ത് സുഖമായിരുന്നു. അപ്പുവും അമ്മയും കൂടെ സന്തോഷമായിട്ടാണു കഴിഞ്ഞിരുന്നത്. അന്നൊന്നും അപ്പു  പട്ടിണി ആയിട്ടില്ല. സ്കൂളിൽ പോയി വരുമ്പോഴെക്കും എന്തെങ്കിലുമൊക്കെ ജോലി ചെയ്ത് അന്നത്തേക്കുള്ള വക ഉണ്ടാക്കും. അമ്മ പോയതോടെ എല്ലാം കഴിഞ്ഞു. അമ്മയെക്കുറിച്ചോർത്തതോടെ അപ്പുന് കരച്ചിൽ വന്നു. അമ്മയെ പെട്ടെന്നു വിളിച്ചോണ്ട് പോയ ദൈവത്തിനോട് ദേഷ്യവും.
അവൻ പതിയെ ആൽത്തറയിൽ നിന്നിറങ്ങി അടുത്തുള്ള പൈപ്പിനടുത്തേക്ക് നടന്നു. കുറെ വെള്ളം കുടിച്ചു. ഇനി എന്ത് ചെയ്യണംന്നറിയില്ല. തിരിച്ച് ആൽത്തറയിൽ തന്നെ ചെന്നിരിക്കാം വെയിലിത്തിരി കുറയുമ്പൊ വല്ല ജോലിയും കിട്ടുമോന്ന് അന്വെഷിച്ചിറങ്ങാം. ചിന്തയോടെ അപ്പു ആൽത്തറയിലേക്ക് നടന്നു. പക്ഷെ അധികം നടക്കേണ്ടി വന്നില്ല. മരണം ഒരു പാമ്പിന്റെ രൂപത്തിൽ അവനെ കാത്ത് വഴിയിൽ കിടന്നിരുന്നു.

2010, മേയ് 6

യാത്ര

പ്ലാറ്റ്ഫോമിൽ ഒരു വിധം നല്ല തിരക്കുണ്ട്. ഇപ്പോൾ വന്നു ചേർന്ന ഏതൊ ട്രെയിനിൽ നിന്ന് ഇറങ്ങിയവർ സ്റ്റേഷനു പുറത്തേക്ക് നടക്കുന്നു. അവരുടെ പിന്നാലെ പോർട്ടർമാരും. ട്രെയിൻ വരാൻ ഇനിയുമുണ്ട് മിനിറ്റുകൾ. അവൾ  ഒഴിഞ്ഞ ഇടം നോക്കി ഇരുന്നു. വിവിധ സ്ഥലങ്ങളിലേക്ക് പോകാനെത്തിയ പലതരം യാത്രക്കാരുണ്ട് സ്റ്റേഷനിൽ.  ഉറക്കെ സംസാരിച്ച് ബഹളം കൂട്ടിക്കൊണ്ട് കുറച്ച് പേർ ഒരു വശത്തിരിക്കുന്നുണ്ട്. നാടോടികൾ ആയിരിക്കണം.

ഉറക്കെ ചൂളം വിളിച്ച് കൊണ്ട് ഒരു ട്രെയിൻ വന്നു. നീണ്ട യാത്രാക്ഷീണത്താൽ തളർന്ന മുഖങ്ങളുമായി കുറെപേർ അതിൽ നിന്നിറങ്ങി.  വൈകാതെ ആ വണ്ടി കടന്നു പോയി. തിരുവനന്തപുരത്തേക്കുള്ള  ട്രെയിനിന്റെ അനൌൺസ്മന്റ് കേട്ട് അവൾ തന്റെ ചെറിയ ബാഗുമെടുത്ത് എഴുന്നേറ്റു.


ട്രെയിൻ വന്നു നിന്നു. തനിക്ക് കയറാനുള്ള കമ്പാർട്ട്മെന്റ് തേടിപ്പിടിച്ച് അതിൽ കയറി സീറ്റ് കണ്ടെത്തി ഇരുന്നു. സീറ്റുകളിലെല്ലാം ആളുകളുണ്ട്. എതിരെയുള്ള സീറ്റിലുണ്ടായിരുന്ന സ്ത്രീ സൌഹൃദഭാവത്തിൽ ഒന്നു പുഞ്ചിരിച്ചു. അവൾ കഷ്ട്ടപ്പെട്ട് ഒന്നു ചിരിച്ചുവെന്ന് വരുത്തി. എന്നോ കൈമോശം വന്ന് പോയ ഒരു കഴിവ്!! വണ്ടി മെല്ലെ നീങ്ങിത്തുടങ്ങി.

ഒന്നു രണ്ട് സ്റ്റേഷനുകൾ കഴിഞ്ഞപ്പോൾ  കയറിയ രണ്ട് മൂന്ന് പേരിൽ കുറച്ച് പ്രായമാ‍യ ഒരു വല്ല്യപ്പൻ അടുത്ത സീറ്റിൽ വന്നിരുന്നു. വല്ല്യപ്പൻ ഒരു സംസാരപ്രിയനാണ്. എല്ലാവരുടെയും വിശേഷങ്ങൾ ചോദിച്ചും തന്റെ വിശേഷങ്ങൾ പകുത്തും ഇരിക്കുകയാണ് കക്ഷി. എല്ലാവരോടും സംസാരിക്കുന്ന കൂട്ടത്തിൽ അദ്ദേഹം അവളോടും ചോദിച്ചു: ജോലിക്ക് പോകുന്നതാകും അല്ലെ? മറുപടി പറഞ്ഞില്ല. വല്ല്യപ്പൻ അത് പ്രതീക്ഷിച്ചുമില്ലെന്നു തോന്നുന്നു. യാത്രയിലെ വിരസതക്ക് പരിഹാരമെന്നോണം എല്ലാവരും എന്തെല്ലാമൊ സംസാരിച്ച് കൊണ്ടിരിക്കുന്നുണ്ട്. അവൾക്ക് ഒന്നിലും താത്പര്യം തോന്നിയില്ല.  പുറകിലേക്ക് ഓടിമറയുന്ന കാഴ്ചകളിലേക്ക് അവളുടെ കണ്ണുകൾ നീണ്ടു. കൃഷി ഇറക്കാത്ത പാടങ്ങൾ.....തന്റെ മനസ്സുപോലെ അവയും വരണ്ടു കിടക്കുന്നു....പുറംകാഴ്ചയുടെ നിറങ്ങൾ ഒന്നും മനസ്സിൽ പതിയാതായപ്പൊ സീറ്റിൽ ചാരിയിരുന്ന് ഉറങ്ങാൻ ഒരു ശ്രമം നടത്തി. അത് നിഷ്ഫലമാക്കിക്കൊണ്ട് നീറുന്ന ചിന്തകളിലേക്ക് മനസ്സ് വീണ്ടും കൂപ്പ്കുത്തി.......

സ്റ്റേഷനുകൾ പലതും കടന്ന് പോയിരിക്കുന്നു. ഇറങ്ങാനുള്ള സ്റ്റേഷൻ അടുത്തപ്പൊ അവളും തയ്യാറായി. ഇതിനിടെ കൂടെ യാത്ര ചെയ്തിരുന്ന പലരും ഇറങ്ങിപ്പൊയ്ക്കഴിഞ്ഞിരുന്നു. ട്രെയിനിൽ നിന്നിറങ്ങി സ്റ്റേഷനു പുറത്തെത്തി. പുറത്ത് വെയിൽ കത്തുന്നു. ഒരു ഓട്ടോ വിളിച്ചു പോകേണ്ട സ്ഥലം പറഞ്ഞു. കുറച്ച് ദൂരം ചെന്നപ്പോൾ ഒരു വലിയ ഗേറ്റിനു മുൻപിൽ ഓട്ടൊ നിന്നു.  ഗേറ്റിനു മുകളിൽ ഒരു വലിയ ബോർഡ് ‘റീജ്യനൽ കാൻസർ സെന്റർ’...... ഇതായിരിക്കുമൊ തന്റെ ജീവിതയാത്രയുടെ അവസാന സ്റ്റേഷൻ എന്ന ചിന്തയോടെ അവൾ അകത്തേക്ക് നടന്നു.

2010, മേയ് 5

കപ്പ മത്തി

പരീക്ഷണത്തിനു വേണ്ട ചേരുവകൾ

കപ്പ                                                    -                   1/2 kg
മത്തി                                                  -                   3 വലുത്
തേങ്ങ ചിരകിയത്                             -                   1/2 മുറി
ചെറിയ ഉള്ളി                                     -                   5 എണ്ണം
പെരുംജീരകം                                    -                   1 ചെറിയ സ്പൂൺ
മുളക്പൊടി                                        -                   1 1/2 ടീസ്പൂൺ 
മഞ്ഞൾപൊടി                                   -                   1 ടീസ്പൂൺ
ഉപ്പ്, കറിവേപ്പില                              -                   ആവശ്യത്തിന്
വെളിച്ചെണ്ണ, കടുക്

പരീക്ഷിക്കേണ്ട വിധം

കപ്പ ഇടത്തരം കഷണങ്ങളായി മുറിച്ചത് ഒരു കുക്കറിൽ ഇടുക അതിനു മേലെ മത്തി നിരത്തി വെക്കുക. മുളക്പൊടി, മഞ്ഞൾപൊടി, പാകത്തിനു ഉപ്പ് എന്നിവ ചേർത്ത് വേവാൻ ആവശ്യമായത്ര വെള്ളവും ചേർത്ത് കുക്കർ അടച്ച് വേവിക്കുക(ഏകദേശം 2 വിസിൽ). മത്തിയുടെ മുള്ള് മാറ്റുക. കപ്പയും മത്തിയും കൂടെ നന്നായി ഉടച്ച് യോജിപ്പിക്കുക. തേങ്ങ ചിരകിയത്, പെരുംജീരകം, ചെറിയ ഉള്ളി, കുറച്ച് കറിവേപ്പില  എന്നിവ എല്ലാംകൂടെ വെള്ളം ചേർക്കാതെ നന്നായി അരക്കുക. അരപ്പ് കപ്പയിലേക്ക് ഒഴിക്കുക. ഒന്നു നന്നായി ചൂടാക്കുക. പാകത്തിനു ഉപ്പ് ചേർക്കുക. വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും പൊട്ടിച്ച് ഇതിൽ ഒഴിക്കുക.

പാവ് ബാജി

പരീക്ഷണത്തിനു വേണ്ട ചേരുവകൾ

പാവ് ബൺ                               -                  2
ഉരുളക്കിഴങ്ങ്                             -                  2
ഗ്രീൻ പീസ്, കാരറ്റ്, ബീൻസ്,
കോളിഫ്‌ളവർ എല്ലാം കൂടെ     -                   1 കപ്പ്
സവാള അരിഞ്ഞത്                  -                   1 വലുത്
വെളുത്തുള്ളി ചതച്ചത്               -                   1 വലിയ സ്പൂൺ
കാപ്‌സിക്കം അരിഞ്ഞത്         -                   1ന്റെ പകുതി
തക്കാളി അരിഞ്ഞത്                 -                   1
മുളകുപൊടി                               -                   1/2 ടീസ്പൂൺ
മഞ്ഞൾപൊടി                          -                   1/2 ടീസ്പൂൺ
പാവ് ബാജി മസാല                 -                   2 ടീസ്പൂൺ
ഗരം മസാല                              -                   1 ടീസ്പൂൺ
ചെറുനാരങ്ങ                             -                    1
ഉപ്പ്                                            -                    പാകത്തിന്
വെണ്ണ                                       -                    100 ഗ്രാം(ആവശ്യത്തിന്)
മല്ലിയില                                   -                    ആവശ്യത്തിന്

പരീക്ഷിക്കേണ്ട വിധം

ഒരു പാനിൽ വെണ്ണ ചൂടാക്കി പാവ്ബൺ മുറിച്ച് അതിന്റെ ഉൾഭാഗം ചെറുതായി മൊരിയിക്കുക.





ഉരുളക്കിഴങ്ങ് പുഴുങ്ങി പച്ചക്കറികൾ വേവിച്ചതും ചേർത്ത്  ഉടയ്ക്കുക. ഒരു പാനിൽ വെണ്ണ ചൂടാക്കി അതിൽ സവാള ചെറുതായി അരിഞ്ഞതും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. ഇതിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി, പാവ്ബാജി മസാല എന്നിവ ചേർക്കുക. ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന കാപ്‌സിക്കം, തക്കാളി എന്നിവ ചേർത്ത് നന്നായി വഴറ്റുക. പിന്നീട് വേവിച്ച് വച്ചിരിക്കുന്ന പച്ചക്കറികൾ ചേർക്കുക. പാകത്തിന് ഉപ്പും ചേർക്കുക. അവസാനം ഗരംമസാലയും ചെറുനാരങ്ങാനീരും ചേർത്ത് വാങ്ങുക. അൽ‌പ്പം മല്ലിയില തൂവി കുറച്ച് വെണ്ണ മുകളിൽ ചുരണ്ടിയിടുക. ചൂടൊടെ പാവ് ബണ്ണിനോടൊപ്പം വിളമ്പാം

2010, ഏപ്രിൽ 28

ചിക്കൻ ഷവർമ

പരീക്ഷിക്കേണ്ട വിധം


ഒന്നാം ഘട്ടം

1/2 കപ്പ് വിനാഗിരി, 1/4 കപ്പ് തൈര്(ഒരു തുണിയിൽ ഒഴിച്ച് കെട്ടിത്തൂക്കിയിട്ട് വെള്ളം മുഴുവൻ കളഞ്ഞത്), 1 ടേ.സ്പൂൺ ഓയിൽ, ഉപ്പ് & കുരുമുളക് പൊടി ആവശ്യത്തിന്, 1 ടീസ്പൂൺ മിക്സ്‌ഡ് സ്പൈസ്( ഗരം മസാല), 1/4 ടീസ്പൂൺ ഏലക്കപൊടി, 8 ചിക്കൻ കാല് തൊലി നീക്കിയത്
ഇതെല്ലാം കൂടെ നന്നായി മിക്സ് ചെയ്ത് ഒരു രാത്രി ഫ്രിഡ്ജിൽ വെക്കുക.
 
അവ്ൻ 175 ഡിഗ്രിയിൽ(c) പ്രീഹീറ്റ് ചെയ്യുക. മാരിനേറ്റ് ചെയ്ത ചിക്കൻ ഒരു ബേക്കിങ്ങ് ട്രേയിൽ വച്ച് അലുമിനിയം ഫോയിൽ കൊണ്ട് മൂടി 30 മിനിറ്റ് ബേകെ ചെയ്യുക. പിന്നീടതെടുത്ത് മറിച്ച് വെച്ച് വീണ്ടും ഒരു 15 - 20 മിനിറ്റ് വരെ ബേക്ക് ചെയ്യാം. ട്രേയിൽ നിന്ന് മാറ്റി ചെറുതായി നുറുക്കുക. വേണമെങ്കിൽ ഒരു പാനിലിട്ട് എണ്ണയില്ലാതെ ഒന്നു നന്നായി മൊരിയിച്ചെടുക്കുക.


രണ്ടാം ഘട്ടം

സോസ്

1/2 കപ്പ് തഹിന (വെളുത്ത എള്ള് അരച്ചത്), 1/4 കപ്പ് തൈര്, 1/2 ടീസ്പൂൺ വെളുത്തുള്ളി തീരെ ചെറുതായി നുറുക്കിയത് (ആവശ്യമെങ്കിൽ മാത്രം), 2 ടേ.സ്പൂൺ നാരങ്ങാനീര്, 1ടേ.സ്പൂൺ ഒലിവ് ഓയിൽ, 1ടേ.സ്പൂൺ പാഴ്സ്‌ലി അരിഞ്ഞത്(ആവശ്യമെങ്കിൽ), ഉപ്പ്&കുരുമുളക്പൊടി ആവശ്യത്തിന്.
ഇതെല്ലാം കൂടെ നന്നായി മിക്സ് ചെയ്ത് വെക്കുക.

4 തക്കാളി കനംകുറച്ച് അരിഞ്ഞത്, 1/2 കപ്പ് സവാള(സാലഡ് സവാള ആണെങ്കിൽ നല്ലത്)അരിഞ്ഞത്, 4 കപ്പ് ലെറ്റൂസ് അരിഞ്ഞത്, 8 കുബ്ബൂസ് അല്ലെങ്കിൽ ചപ്പാത്തി

മൂന്നാം ഘട്ടം

ഒരു കുബ്ബൂസിൽ ചിക്കൻ നുറുക്കിയത്, തക്കാളി,സവാള, ലെറ്റൂസ് എന്നിവ വെക്കുക. അതിനു മേലെ തഹിന മിശ്രിതം ഒഴിച്ച് പാഴ്സ്‌ലി വിതറി കുബ്ബൂസ് ചുരുട്ടുക.

2010, ഏപ്രിൽ 24

പാവയ്ക്ക തീയൽ

പരീക്ഷണത്തിനു വേണ്ട ചേരുവകൾ

പാവയ്ക്ക(കൈപ്പയ്ക്ക)        -       2
തേങ്ങ ചിരകിയത്                   -       1/4 cup
മല്ലിപ്പൊടി                                -       1 വലിയ സ്പൂൺ
മുളക് പൊടി                             -        1 1/2 സ്പൂൺ
മഞ്ഞൾപൊടി                         -         1/2 ചെറിയ സ്പൂൺ
വാളൻപുളി                                -       ഒരു ചെറിയ നാരങ്ങാവലുപ്പത്തിൽ
ഉപ്പ്                                           -      പാകത്തിന്
കടുക്, കറിവേപ്പില, വെളിച്ചെണ്ണ  താളിക്കാൻ ആവശ്യത്തിന്.


പരീക്ഷിക്കേണ്ട വിധം

ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഒരു തുള്ളി വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് തേങ്ങ ചിരകിയതിട്ട് വറുക്കുക. തേങ്ങ ചെറുതായി മൂത്ത് വരുമ്പോൾ മല്ലിപ്പൊടി, മുളക്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി വറുക്കുക. കറിവേപ്പിലകൾ കൂടെ വേണമെങ്കിൽ വറുക്കുന്നതിൽ ചേർക്കാം. അതൊന്നു ചൂടാറുമ്പോൾ നന്നായി അരച്ചെടുക്കുക. ഒരു മൺകലത്തിൽ ഒരിത്തിരി വെളിച്ചെണ്ണ ഒഴിച്ച് കുരുവെല്ലാം കളഞ്ഞ് കനം കുറച്ചരിഞ്ഞ പാവയ്ക്ക ഇട്ടു നന്നായി വഴറ്റുക(കയ്പ്പക്കയുടെ കയ്പ്പ് കുറഞ്ഞ് കിട്ടുംന്ന് പറയുന്നു ഇങ്ങനെ ചെയ്താൽ). പിന്നീട് അരപ്പും പാകത്തിനു വെള്ളവും ഉപ്പും പുളി പിഴിഞ്ഞതും ചേർത്ത് അടുപ്പിൽ വച്ച് വേവിക്കുക. കയ്പ്പ് അധികമാണെങ്കിൽ ഒരു നുള്ള് ശർക്കരയൊ പഞ്ചസാരയൊ ഇടുക. കയ്പ്പക്ക വെന്ത് കറി പാകത്തിനു കുറുകിക്കഴിയുമ്പൊ അടുപ്പിൽ നിന്നിറക്കി കടുകും കറിവേപ്പിലയും താളിച്ചൊഴിക്കുക.

2010, ഏപ്രിൽ 22

ഇഞ്ചിക്കറി

101 കറികൾക്ക് തുല്യം എന്നു പറയപ്പെടുന്ന  ‘ഇഞ്ചിക്കറി’ യിൽ നിന്നു തന്നെ ആകട്ടെ തുടക്കം


പരീക്ഷണത്തിനു വേണ്ട ചേരുവകൾ

ഇഞ്ചി                 -   ഒരു വലിയ കഷണം തൊലി കളഞ്ഞ് തീരെ ചെറുതായി നുറുക്കിയത്.
പച്ചമുളക്           -  2 ഓ 3 ഓ എരിവിനു അനുസരിച്ച്
മുളക് പൊടി       -  ഒരു വലിയ സ്പൂൺ ( കാശ്മീരി ചില്ലി ആണെങ്കിൽ കൂടുതൽ നല്ലത്)
ചെറിയ ഉള്ളി     -   5 ഓ 6ഓ എണ്ണം
മഞ്ഞൾപ്പൊടി    -  2 നുള്ള്
വാളൻ പുളി         -   ഒരു ചെറിയ നാരങ്ങാവലുപ്പത്തിൽ
ശർക്കര              -   1 കഷണം(മധുരത്തിനു അനുസരിച്ച്)
ഉലുവപ്പൊടി       -   1 നുള്ള്
അരിപ്പൊടി         -   1 നുള്ള്
കറിവേപ്പില, കടുക്, വെളിച്ചെണ്ണ, ഉപ്പ്  ആവശ്യത്തിനു.


പരീക്ഷിക്കേണ്ട വിധം

ഇഞ്ചി കുറച്ച് വെള്ളത്തിൽ ഒന്നു തിളപ്പിക്കുക. ആ വെള്ളം ഊറ്റി കളയണം. പകുതി ഇഞ്ചി മാറ്റി വച്ച് ബാക്കി പകുതി ഒരു ഫ്രൈപാനിൽ കുറച്ച് വെളിച്ചെണ്ണ ചൂടാക്കി അതിൽ ഇട്ടു വഴറ്റുക. അതിലേക്ക് ചെറിയ ഉള്ളി മുറിച്ചതും പച്ചമുളകും ചേർക്കുക. ഒരു നുള്ള് അരിപ്പൊടിയും ചേർക്കുക. നന്നായി വഴറ്റി അടുപ്പിൽ നിന്നും മാറ്റി തണുക്കുമ്പോൾ നന്നായി അരച്ചെടുക്കുക.
വീണ്ടും അടുപ്പിൽ ഒരു പാൻ വച്ച് (മൺകലം ആണെങ്കിൽ നല്ലത്.) വെളിച്ചെണ്ണ ചൂടാക്കി അതിൽ കടുകും കറിവേപ്പിലയും ഇട്ടു പൊട്ടിക്കുക. ബാക്കി ഇഞ്ചി ഇതിലേക്കിട്ട് വഴറ്റി മുളക്പൊടി മഞ്ഞൾപൊടി എന്നിവ ചേർക്കുക. അരച്ച് വച്ച ഇഞ്ചിക്കൂട്ട് ചേർക്കുക. വീണ്ടും നന്നായി വഴറ്റുക. ആവശ്യമെങ്കിൽ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.  പുളി അൽ‌പ്പം വെള്ളത്തിൽ പിഴിഞ്ഞ് ഒഴിക്കുക. മധുരത്തിനു അനുസരിച്ച് ശർക്കര ചീകി ഇടുക. ഉപ്പ് ചേർക്കുക. നന്നായി തിളച്ച് കുറുകിക്കഴിയുമ്പോൾ  ഉലുവപ്പൊടി വിതറി അടുപ്പിൽ നിന്നിറക്കുക.
(ഇത് ഒന്നു രണ്ട് ദിവസം ഇരിക്കുമ്പോളാണു സ്വാദ് കൂടുക.)

2010, ഏപ്രിൽ 20

എന്റെ പരീക്ഷണ ശാലയിൽ നിന്ന്.....

ഇതിൽ  എഴുതുന്ന പാചക കുറിപ്പുകളിലൊന്നും ഒരു പുതുമയും ഞാൻ അവകാശപ്പെടുന്നില്ല. മിക്കതും എല്ലാവർ‌ക്കും അറിയാവുന്നവയാണു. എന്നാലും  എന്റേതായ ചില മാറ്റങ്ങൾ വരുത്തി കുറച്ച് എളുപ്പമാക്കിയിട്ടുണ്ട്. ഇതിലെ മസാലകളുടെ  അളവുകളൊക്കെ ഓരോരുത്തരുടെ മനോധർമ്മം പോലെ ആകാം. ചില വിഭവങ്ങളുടെ മാത്രം ചേരുവകൾ കൃത്യമായ അനുപാതത്തിൽ ചേർക്കണംന്നുള്ളു.  പരീക്ഷിച്ച് അഭിപ്രായങ്ങൾ അറിയിക്കുക....