2010, ജൂൺ 10

“ഹൈ ഹീൽ”

ജോലികൾ കഴിഞ്ഞ് നെറ്റിൽ ഒന്നു പരതാൻ ഇരുന്നതാണു ഷബ്ന. അപ്പോഴാണു ഫോൺ ബെൽ അടിച്ചത്. എടുത്ത് നോക്കിയപ്പൊ സമീറ. ഫോണെടുത്തതും അവൾ പറഞ്ഞു“ നീ അറിഞ്ഞൊ നമ്മുടെ ഫൌസി കാലൊടിഞ്ഞ് പ്ലാസ്റ്ററിട്ട് കിടപ്പിലാണ്’. "ഉവ്വൊ ഞാനറിഞ്ഞില്ലാലൊ ...എപ്പൊ ?എങ്ങനെ ഒടിഞ്ഞു.?” "ആവൊ ....അതൊന്നും അറിയില്ല. എന്നോടിപ്പൊ നാസർക്ക വിളിച്ച് പറഞ്ഞതാ. അനീസിനെ പുറത്ത് വച്ച് കണ്ടപ്പൊ അവൻ പറഞ്ഞതാണത്രെ”  “അത് ശരി നമുക്കൊന്നു പോകണ്ടെ അവൾടടുത്ത്?എപ്പോഴാ നിനക്ക് സൌകര്യം.? എവിടെയാ ഹോസ്പിറ്റലിലാണൊ?”  “ഞാനത്  കൂടി ചോദിക്കാനാ വിളിച്ചത്. അല്ല ഹോസ്പിറ്റലിലല്ല വീട്ടിലാ.നമുക്കൊരു 5 മണി ആകുമ്പൊ പോയാലൊ?മോൻ സ്കൂളിന്ന് വന്നിട്ടുണ്ടാകും അപ്പൊഴാകുമ്പൊ നാസർക്കയും വീട്ടിൽ കാണും.”  “ ശരി ഞാനെന്നാൽ 5 മണി ആകുമ്പൊ  അത് വഴി വരാം . നീ റെഡി ആയി നിന്നൊ”    “എന്നാൽ ഒകെ വൈകിട്ട് കാണാം”. സമീറ സലാം ചൊല്ലി ഫോൺ വച്ചു.

അവർ ചെല്ലുമ്പൊ അനീസ് റൂമിലുണ്ട്. ഫൌസി പ്ലാസ്റ്ററിട്ട കാലും നോക്കി കട്ടിലിൽ കിടക്കുന്നു. “ ഇതെന്ത് പറ്റി ഫൌസി?ഇതെങ്ങനെ ഒടിഞ്ഞു?”ഷബ്നയുടെ ചോദ്യം കേട്ടപ്പൊ ഫൌസി അനീസിനെ ഒന്നു നോക്കി. “എന്നെ എന്തിനാ നോക്കുന്നെ ഞാനെങ്ങാൻ തല്ലി ഒടിച്ചതാണൊ നിന്റെ കാല്? പറഞ്ഞ് കൊടുക്കവരോട് എന്താ പറ്റിയതെന്ന്.’ “എന്താ അനീസെ നീ നല്ല ദേഷ്യത്തിലാണല്ലൊ? എന്ത് പറ്റി?”  “ഒന്നും പറയണ്ട എന്റെ സമീർത്ത ഒരു നൂറ് വാക്ക് ഞാൻ പറഞ്ഞതാ വേണ്ടാ വേണ്ടാന്ന് അതെങ്ങിനെ പറഞ്ഞാൽ കേൾക്കണ സ്വഭാവം ഇവൾക്ക് പണ്ടെ ഇത്തിരി കൊറവാണല്ലൊ”   “ നീ ചൂടാകാതെ കാര്യം പറ അനീസെ”  “ അവളു തന്നെ പറയട്ടെ. നിങ്ങളിവിടെ കുറച്ച് നേരം കാണുമല്ലോലെ. ഞാനൊന്ന് പുറത്ത് പോയിട്ട് വരാം” “ശരി  നീ പോയിട്ട് വാ ഞങ്ങളിവിടെ ഇരിക്കാം ” അനീസ് പോയി.

 “എന്താ ഫൌസി  എങ്ങിനെ പറ്റിയെന്നു പറ നീ” മറുപടി അവൾടെ പെട്ടെന്നുള്ള കരച്ചിലായിരുന്നു. അവർ പെട്ടെന്നു വല്ലാതായി. എന്ത് പറ്റിയാവോന്നോർത്തു. കരച്ചിൽ നിർത്തി അൽ‌പ്പം കഴിഞ്ഞിട്ടാണവൾ കാര്യം പറഞ്ഞത്. “ഷബ്നത്താക്കോർമ്മയില്ലെ ഞാനൊരിക്കൽ ഒരു ഹൈഹീൽ ചെരുപ്പ് വാങ്ങുന്നതിനെ പറ്റി പറഞ്ഞത്?”   “ഉവ്വ് ഞാനന്നെ പറഞ്ഞിരുന്നല്ലൊ വെറുതെ വാങ്ങിച്ച് വേണ്ടാത്ത പൊല്ലാപ്പൊന്നും ഉണ്ടാക്കണ്ടാന്ന്.”  “ഹും അന്നു ഇത്ത പറഞ്ഞത് കേട്ടാൽ മതിയായിരുന്നുന്ന് ഇപ്പൊ തോന്നണു. ആ ചെരുപ്പാ എന്നെ ഇപ്പൊ ഈ പരുവത്തിലാക്കിയെ.”

അവൾക്ക് ഗൾഫിൽ വന്ന നാൾ തൊട്ടെ അറബികളും  ഫിലിപ്പൈനികളുമൊക്കെ ഇടുന്നത് കാണുമ്പോളുള്ള ആഗ്രഹമായിരുന്നു ഒരു ഹൈ ഹീൽ ചെരുപ്പ് വാങ്ങി അതിട്ട് നടക്കണംന്നുള്ളത്. പിൻപോയിന്റ് ഹീത്സ് ഉള്ള ചെരുപ്പിട്ട്  അവർ ഈസിയായി നടന്നു പോകുന്നത് അവൾ വാ പൊളീച്ച് നോക്കി നിൽക്കുന്നത് ഷബ്ന പലപ്പോഴും കണ്ടിട്ടുണ്ട്. അന്നൊക്കെ അവൾടെ ഈ ആഗ്രഹത്തെ പരമാവധി നിരുത്സാഹപ്പെടുത്തിയിട്ടെ ഉള്ളു. ‘അവർക്ക് സ്ഥിരം ഇട്ടു ശീലമുള്ളതാ നീ അതു പോലെ ഇട്ടു നടന്നാൽ തലയും കുത്തി താഴെ കിടക്കും‘ന്ന് അന്നേ അവളോട് പറഞ്ഞിരുന്നു.  അപ്പൊ ഒക്കെ മൂളിക്കേൾക്കുമെങ്കിലും അവൾടെ ആഗ്രഹത്തിനു കുറവൊന്നും വന്നിട്ടില്ലാന്നു പിന്നീട് പലപ്പോഴും ഹൈഹീത്സ് കാണുമ്പോഴുള്ള അവൾടെ നോട്ടത്തിൽ നിന്നും മനസ്സിലായിരുന്നു. അത് കൊണ്ട് തന്നെ പിന്നീടതേ കുറിച്ചൊന്നും  പറയാൻ പോയില്ല.  ഇപ്പൊ രണ്ട് ആഴ്ച മുൻപ് വാശി പിടിച്ച്  അനീസിനെക്കൊണ്ട്  ഒരു ഹീത്സ് ഉള്ള ചെരുപ്പ് വാങ്ങിപ്പിച്ചു. അതിട്ട് വീട്ടിൽ തന്നെ കുറെ  നടന്ന് പ്രാക്റ്റീസ് ചെയ്തുത്രെ. രണ്ട് മൂന്ന് ദിവസം മുൻപ് പുറത്ത് പോകാൻ നേരം ഈ ചെരുപ്പിട്ട്  പുറത്തേക്കിറങ്ങാനുള്ള ആഗ്രഹം അടക്കാൻ പറ്റാതായി. അപ്പോഴും അനീസ് ചോദിച്ചതാണു ഒന്നു കൂടെ നടന്നൊക്കെ നോക്കീട്ട് പോരെ ഇതുമിട്ട് പുറത്തേക്കിറങ്ങാനെന്ന്. അവളത് കേൾക്കാതെ ഇപ്പൊ അത്യാവശ്യം പ്രാക്റ്റീസ് ആയിട്ടുണ്ടെന്നും പറഞ്ഞ് അതുമിട്ട് ഇറങ്ങി. സെക്കന്റ് ഫ്ലോറിൽ നിന്ന് താഴേക്കിറങ്ങാൻ സ്റ്റെപ്പിനടുത്തെത്തിയപ്പോഴും അനീസ് പറഞ്ഞു.”സൂക്ഷിച്ചെറങ്ങണെ തലയും  കുത്തി വീഴല്ലെ”. അവൾ ശരിയെന്ന് തല കുലുക്കി ഒരു ഫ്ലോർ ഇറങ്ങിക്കഴിഞ്ഞപ്പൊ കുറച്ച് കോൺഫിഡെൻസ് ആയി (അല്ലെങ്കിലും കോൺഫിഡെൻസ് കൂട്ടലാണല്ലൊ ഹൈഹീത്സിന്റെ പരമമായ ലക്ഷ്യം തന്നെ.) അടുത്ത സ്റ്റെപ്പുകൾ കുറച്ചൂടെ ഈസിയായി ഇറങ്ങി. പെട്ടെന്ന് ഒരു ശബ്ദം കേട്ട് അവൻ തിരിഞ്ഞ് നോക്കിയപ്പൊ ദാ കിടക്കുന്നു അവൾ മൂക്കും കുത്തി താഴെ ഹൈഹീത്സ് രണ്ടും രണ്ട് വഴിക്ക് തെറിച്ച് പോയി. എഴുന്നേൽക്കാൻ പറ്റാതെ കിടന്ന അവളെ ഒരു വിധത്തിൽ  പൊക്കി എഴുന്നേൽ‌പ്പിച്ച് കാറിനടുത്തെത്തിച്ചു. ഹോസ്പിറ്റലിൽ എത്തുമ്പോഴെക്കും  കാല്പാദം മുഴുവൻ നീര് വന്നു. എക്സ്റെ എടുത്ത് നോക്കിയപ്പൊ ഫ്രാക്ചർ ഉണ്ട് അടുത്ത ദിവസം പ്ലാസ്റ്ററിടാൻ ചെല്ലാൻ പറഞ്ഞ് വേദനക്കുള്ള മരുന്നും കൊടുത്തയച്ചു. ഇപ്പൊ ദാ പ്ലാസ്റ്ററിട്ട് ഈ കോലത്തിലായി. ഫൌസി പറഞ്ഞ് കഴിഞ്ഞ് ഒരു ദീർഘ നിശ്വാസം വിട്ടു.

ഷബ്നയും സമീറയും പരസ്പരം നോക്കി ചിരിക്കണൊ സഹതപിക്കണോന്നുള്ള സംശയത്തിലായിരുന്നു അവർ.  “ശരി എന്നിട്ട് നീയെന്തെ ഞങ്ങളെ വിളിച്ചറിയിക്കാഞ്ഞെ?” “അറിഞ്ഞാൽ നിങ്ങൾ വഴക്കു പറഞ്ഞാലോന്ന് കരുതിട്ടാ”  “ ഹും നല്ല കാര്യം... വഴക്ക് പറയല്ല  തലക്കിട്ട് നല്ല കിഴുക്ക് തരാ വേണ്ടെ. നിന്റെ കയ്യിലിരിപ്പിന്.”  “അല്ല എന്നിട്ട് നിന്റെയാ ഹൈഹീത്സ് ചെരുപ്പെവിടെ ഒന്നു കാണാൻ പറ്റൊ?” സമീറ. “കളിയാക്കല്ലെ സമീർത്ത... അത് അനീസ്ക്ക അന്നു തന്നെ എടുത്ത് വേസ്റ്റിൽ കളഞ്ഞുന്ന് തോന്നണു.”  “ അതെന്തായാലും നന്നായി. അല്ലെങ്കിൽ പ്ലാസ്റ്റർ വെട്ടിക്കഴിയുമ്പൊ നിനക്ക് വീണ്ടും അതിട്ട് നടക്കാൻ തോന്നിയാലൊ?”. “എന്നാലും ഒരു തവണ പോലും അതിട്ടൊന്ന് നടക്കാൻ പറ്റീലല്ലോന്നോർക്കുമ്പോഴാ എനിക്ക് സങ്കടം.” അത് ശരി അപ്പൊ നിനക്കീ കിട്ടിയതൊന്നും പോരാലെ? അല്ല ഭക്ഷണത്തിന്റെ കാര്യമൊക്കെ എങ്ങനെയാ? അനീസ് വല്ലതും ഉണ്ടാക്കൊ?അതൊ പുറത്തുന്ന് വാങ്ങിക്കെ?”  “ ഇന്നലെ  പുറത്ത്ന്നു വാങ്ങി. ഇന്നുച്ചക്ക് ചോറും ചമ്മന്തിയും ഉണ്ടാക്കി. രാത്രിക്ക് ബ്രഡ്ഡ് വാങ്ങാന്നു പറഞ്ഞു.” “ഹും എന്തായാലും രാത്രിക്ക് ബ്രഡ്ഡ് ആക്കണ്ട ഞങ്ങളെന്തെങ്കിലും ഉണ്ടാക്കി വെക്കാം. വാ സമീറ നമുക്കെന്തെങ്കിലും ഉണ്ടാക്കാൻ നോക്കാം. ഇവളെയോർത്തല്ല ആ പാവം അനീസിനെ ഓർത്തിട്ടാ.അവൾടെയൊരു ഹൈഹീൽ” അവർ അടുക്കളയിലേക്ക് നടന്നു.


ചപ്പാത്തിയും കറിയും ഉണ്ടാക്കി കഴിഞപ്പോഴേക്കും ബ്രഡ്ഡുമായി അനീസ് എത്തി. “എന്നാൽ പിന്നെ ഞങ്ങളിറങ്ങട്ടെ. ചപ്പാത്തിയും കറിയും ഉണ്ടാക്കിയിട്ടുണ്ട്. നീ നാളെ ഉച്ചക്ക് ജോലി കഴിഞ്ഞ് വരുമ്പൊ അത് വഴി വാ ഭക്ഷണം ഞാൻ തന്നയക്കാം. വൈകിട്ടത്തേക്ക് സമീറ റെഡി ആക്കും അല്ലാതെ എന്നും പുറത്തുന്ന് വാങ്ങൽ നടക്കില്ലല്ലൊ.”   “അല്ല ഷബ്നത്ത അതൊക്കെ ബുദ്ധിമുട്ടല്ലെ ഞാൻ ഇവിടെ എന്തെങ്കിലും ഉണ്ടാക്കിക്കോളാം.” “എന്ത് ബുദ്ധിമുട്ടാ അനീസെ.നിനക്ക് ജോലി കഴിഞ്ഞ് വന്ന് ഭക്ഷണം ഉണ്ടാക്കാൻ എവിടാ നേരം. ഇങ്ങനൊക്കെ അല്ലെ ഒരു സഹായം ചെയ്യാൻ പറ്റു. നീ ഷബ്ന പറഞ്ഞ പോലെ ചെയ്യ്.”  “എന്നാൽ പിന്നെ ഞങ്ങളിറങ്ങട്ടെ കുറെ വൈകി പൊട്ടെടീ ഹൈഹീൽകാരി.... 2 ദിവസം കഴിഞ്ഞ് വരാം” സലാം ചൊല്ലി ഇറങ്ങി. അനീസ് വാതിൽക്കലേക്ക് ചെന്നു.  പുറത്തിറങ്ങിയപ്പൊ ഒരു ജോടി ഹൈഹീൽ ചെരുപ്പുകൾ ഷൂറാക്കിൽ കണ്ട് അവർ പുഞ്ചിരിച്ചു.  അനീസിനു കാര്യം മനസ്സിലായി. “ അത് ഞാനെടുത്ത് കളയാൻ മറന്നു. അവൾടെ പ്ലാസ്റ്റർ വെട്ടുന്നതിനു മുൻപെടുത്ത് കളയണം അല്ലെങ്കിൽ വീണ്ടും അതിൽ കയറി നടക്കാൻ ആഗ്രഹം തോന്നിയാലൊ.”  “അതെ അതെ അധികം വൈകിക്കണ്ട” . തിരിച്ച് വീട്ടിലെത്തുന്നത് വരെ ആ  ഹൈഹീൽ ചെരുപ്പുകളും ഫൌസിയുടെ പ്ലാസ്റ്ററിട്ടുള്ള കിടപ്പുമായിരുന്നു  അവരുടെ മനസ്സിൽ.

25 അഭിപ്രായങ്ങൾ:

അനൂപ്‌ കോതനല്ലൂര്‍ പറഞ്ഞു...

കൊള്ളാം കുഞ്ഞാമിന നന്നായിരിക്കുന്നു എഴുത്ത് ആശംസകൾ

അലി പറഞ്ഞു...

ഹൈ ഹീൽ‌സ് ചെരുപ്പിട്ടു നടക്കുന്ന അറബികളുടെയും ഫിലിപ്പിനോകളുടേയുമത്ര കോൺഫിഡൻസ് മലയാളികൾക്കാവശ്യമുണ്ടോ?
(കോൺഫിഡൻസിന് മലയാളത്തിലെന്താ പറയ്യാ?)

നന്നായി കുഞ്ഞാമിന ഈ ഹൈ ഹീൽ പുരാണം.

ഹംസ പറഞ്ഞു...

എന്നിട്ടിപ്പോള്‍ കാല് സുഖമായോ?
അല്ലങ്കിലും ഇമ്മാതിരി കുന്ത്രാണ്ടം ഒക്കെയിട്ട് എങ്ങനാ ഈ പെണ്‍പിള്ളാര്‍ നടക്കുന്നത് എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട് .

പട്ടേപ്പാടം റാംജി പറഞ്ഞു...

സംഗതി രസിച്ചു...
ഓരോരു ഹുലുമാലുകളേ....

http://abebedorespgondufo.blogs.sapo.pt/ പറഞ്ഞു...

Very Good.

കൂതറHashimܓ പറഞ്ഞു...

നന്നയി പറഞ്ഞിരിക്കുന്നു.. :)

നാലാമത്തെ പാരഗ്രാഫ് അവസാനിക്കുന്നത് “ഫൌസി പറഞ്ഞ് കഴിഞ്ഞ് ഒരു ദീർഘ നിശ്വാസം വിട്ടു” എന്നാണല്ലോ, പക്ഷേ ആ പാരഗ്രാഫ് വായിച്ചപ്പോ സംഭവം കണ്ട മൂന്നാമന്‍ വിവരിക്കുന്നതായാണ് എനിക്ക് മനസ്സിലായത്, വായിച്ചപ്പോ എന്തോ ഒരു പ്രശ്നം ഉള്ളത് പോലെ തോനുന്നു (എന്റെ തോന്നലാവാം)

A.FAISAL പറഞ്ഞു...

nice narration..!!
ശരിക്കും ഒരു ' ഹൈഹീല്‍' കഥ.

അഭി പറഞ്ഞു...

കൊള്ളാം ഈ ഹൈ ഹീല്‍ കഥ

ഒഴാക്കന്‍. പറഞ്ഞു...

ഗുല്മാല്‍ ഗുല്മാല്‍ കൊള്ളാം

sm sadique പറഞ്ഞു...

പൊട്ടിയ വള്ളിചെരുപ്പ്…..;

jayanEvoor പറഞ്ഞു...

ഹൈ ലെവൽ കോൺഫിഡൻസ് വന്നാൽ ഇതാ കുഴപ്പം!

മഴയുടെ മകള്‍ പറഞ്ഞു...

:)...

SULFI പറഞ്ഞു...

ഹൈ ഹീല്‍ ആഗ്രഹം കൊള്ളാം. അറബികളും ഫിലിപൈനികളെയും പോലെ മലയാളികള്‍ക്ക് "ആത്മ വിശ്വാസം" പോര കേട്ടോ.
ചിലരുടെ അതിമോഹങ്ങള്‍ കാണുമ്പോള്‍... ചിരിയും സങ്കടവും തോന്നാറുണ്ട്. കിട്ടേണ്ടത് കിട്ടിയപ്പോള്‍ പഠിക്കെണ്ടവര്‍ പഠിച്ചു.

Manoraj പറഞ്ഞു...

കൊള്ളാം കുഞ്ഞാമിന. ഇന്നലെ കമന്റാൻ തുടങ്ങിയതാണ്. അപ്പോൾ പവർ കട്ട്. പിന്നെ മറന്നു. ഇന്ന് വീണ്ടും എങ്ങിനെയോ ഈ വഴി വീണ്ടും വന്നു. ഹൈ ഹീൽ ലോകത്തിൽ തട്ടി വീഴാതെ പിടിച്ച് നിൽക്കാൻ കഴിയട്ടെ.
ഓഫ്: അടുത്ത നാട്ടുകാരെ കൂടുതൽ ബ്ലോഗിൽ കാണാൻ തുടങ്ങിയിരിക്കുന്നു. സന്തോഷം.

Sirjan പറഞ്ഞു...

രസകരമായിരുന്നു.. ആശംസകള്‍..

അജ്ഞാതന്‍ പറഞ്ഞു...

കുഞാമിനാ ...കൊള്ളാം ...പല പെണ്ണുങ്ങള്‍ക്കും ഉണ്ട് ഈ ആഗ്രഹം ..അതിന്‍ മി കേറി പ്രാഞ്ചി പ്രാഞ്ചി നടന്നാല്‍ എവെരെസ്റ്റ് കിഴ്ടക്കിയ ഭാവം ..പിന്നെ രാത്രി ഊര വേദനയും ...പാദരക്ഷകള്‍ക്കു പകരം ഇത്തരം പാദശിക്ഷകള്‍ കാണ് ഇന്ന് ഡിമാണ്ട് ..ബുദ്ധിമുട്ടുന്ന ഒരു കുടുംബത്തെ ഭക്ഷണം ഉണ്ടാക്കി കൊടുത്തു സഹായിക്കുന ആ രീതി പെരുത്തിഷ്ട്ടായി...നല്ല ശീലങ്ങള്‍ ...നല്ല അവതരണം ...

OAB/ഒഎബി പറഞ്ഞു...

അനുഭവമാണെങ്കിലും കഥയെങ്കിലും നന്നായി.

പറച്ചിലുകള്‍ വേറെ ഒരു വരി ആക്കിയാല്‍ ഒന്നും കൂടെ നന്നാവും. ഒന്നും കൂടേ എഡിറ്റ് ചെയ്യുക.ഇത് എന്റെ മാത്രം അഭിപ്രായം.

പേരിന്റെ ആകര്‍ഷണം ഒന്ന് കൊണ്ട് മാത്രമാണിവിടെ എത്തിയതേ..

പിന്നെ വായിച്ചപ്പോള്‍ ഫൌസി എന്നതും എന്റെ സ്വന്തം പാതി !

നന്ദിയോടെ,,,

അജ്ഞാതന്‍ പറഞ്ഞു...

എന്റെ മനസിലും ഉണ്ടായിരുന്നു ഒരു ഹൈ ഹീൽ പക്ഷെ കഴിഞ്ഞ വർഷത്തോടേ അതു നിന്നു. എന്റെ കൂട്ടുകാരി നാട്ടിൽ പോകുമ്പോൾ അങ്ങിനെയൊരു സാധനം വാങ്ങി നാട്ടിലെ ബസ്സിൽ കുറെ കാലത്തിനു ശേഷം കയറിയതല്ലെ.. ബസ്സിൽ കയറി പോയില്ലെ ഇറങ്ങാതിരിക്കാൻ പറ്റില്ലല്ലൊ ഇറങ്ങിയതും ഹൈ ഹീലു ചതിച്ചു ഇവിടുന്നു പോയി വരുന്നതു വരെ ആളു റസ്റ്റിൽ വീട്ടിൽതന്നെ കാലിന്റെ എല്ലു പൊട്ടി ഇപ്പോളും ഉണ്ട അതിന്റെ പ്രത്യാഘാതം .. അതോടെ എന്റെ ഹൈ ഹീൽ ആഗ്രഹം നിന്നും .... എന്നാലും ചെരിപ്പു കറ്റയിൽ എത്തിയാൽ കണ്ണു അറിയാതെ അവിടെ എത്തിപ്പെടും ... എഴുത്ത് കഥയായി തോന്നിയില്ല അനുഭവം എന്നു കൊടുക്കാമായിരുന്നു... ആശംസകൾ

Jishad Cronic™ പറഞ്ഞു...

ആഗ്രഹം കൊള്ളാം.

mayflowers പറഞ്ഞു...

''പൊക്കമില്ലായ്മയാനെന്റെ പൊക്കം'' എന്ന് മനസ്സിലാക്കിയാല്‍ ഈ ഹൈ ഹീലോന്നും വേണ്ടി വരില്ലെന്നേ..

മലയാ‍ളി പറഞ്ഞു...

haha

മലയാ‍ളി പറഞ്ഞു...

haha

F A R I Z പറഞ്ഞു...

വിമര്‍ശിക്കപ്പെടെണ്ട വിഷയം.കേരളം വിട്ടു അറബി നാട്ടിലെതുംബോഴേക്കും,വേഷവും, കോലവും മാറ്റി,ഉന്തുവണ്ടിയില്‍ കയറി ഇരിക്കാന്‍ ഇത്ര വെമ്പല്‍ എന്തിനാ സുഹൃതെ?

കുടിച്ചു വളര്‍ന്ന മുലപ്പാലിന്റെ ഗന്ധവും,മണവും. ഗള്‍ഫിന്റെ ഗന്ധക മണ്ണിലെത്തുമ്പോഴേക്കും അങ്ങ് മറക്കണമേന്നെന്താ ഈ മലയാളീ മങ്കമാര്‍ക്കിത്ര നിര്‍ബന്ധം?

നന്നായി അവതരിപ്പിച്ചു.ഘടനയോടും, ചിട്ടയോടും,ആവശ്യം ആവശ്യമായ വാക്കുകള്‍ ഒതുക്കി നന്നായി രൂപപ്പെടുത്തിയിരിക്കുന്നു.

ഭാവുകങ്ങളോടെ
--- ഫാരിസ്‌

എന്‍.ബി.സുരേഷ് പറഞ്ഞു...

കുഞ്ഞാമിനേ, മറ്റുള്ളവരെ കണ്ട് അനുകരിക്കാൻ ശ്രമിച്ച് ഊരാക്കുടുക്കിൽ ചാടുന്നവർക്ക് ഇതൊക്കെ പറ്റും. ഒരു ഗുണപാഠം അങ്ങനെ ഈ കഥയിൽ വരുന്നു.

പക്ഷേ ഇതൊരു ചെറിയ, രസകരമായ, ഒരു ഊറിച്ചിരി സമ്മാനിക്കുന്ന സംഭവമാണ്. ഇതൊരു മിനിക്കഥയാക്കിയിരുന്നെങ്കിൽ, ഇത്ര അതിവിശദീകരണം ഒഴിവാക്കിയിരുന്നെങ്കിൽ ഒന്നു കൂടി ശക്തമാകുമായിരുന്നു.
കഥയിൽ പറയേണ്ടതേ പറയാവൂ. വാക്കിനെയും വിവരണത്തെയും ധൂർത്തടിക്കാൻ മനസ്സ് പ്രേരിപ്പിക്കും. കീഴടങ്ങരുത്.
ചുമ്മാ ഒരു രസത്തിനു ഇതൊരു മിനിക്കഥ ആക്കിനോക്കൂ.

കഥയിൽ തുടരൂ.

ശ്രീ പറഞ്ഞു...

അവനവന്‍ കുഴിയ്ക്കുന്ന കുഴികളില്‍ വീഴും ഗുലുമാല്‍...

ഹൈഹീല്‍ വരുത്തി വച്ച ഓരോ ഗുലുമാലുകള്‍!

എഴുത്ത് നന്നായി