2010, ജൂലൈ 6

‘സുവോളജി ലാബിലെ തവള’

ഇന്നലെ വന്ന ഒരു മെയിലിൽ തവളയുടെ ചിത്രം  കണ്ടപ്പോഴാണു  സുവോളജി ലാബിലെ തവളകളെ ഓർമ്മ വന്നത്. പ്രീഡിഗ്രിക്ക് സുവോളജി ലാബിലേക്ക്  വലതുകാൽ വച്ചു കയറുമ്പൊ ഉണ്ടായിരുന്ന ഏക പ്രാർഥന തവളയെ തൊടാൻ ഇടയാകരുതെ എന്നായിരുന്നു. പ്രാർഥന വെറുതെ ആയില്ല  തവളകൾക്ക് ക്ഷാമമായിരുന്നതിനാൽ അന്നവയെ തൊടേണ്ടി വന്നില്ല. ഉള്ളവയെ ഒക്കെ ഡിഗ്രിചേട്ടന്മാർക്കും ചേച്ചിമാർക്കും വീതിച്ചു കൊടുത്ത്  ഞങ്ങൾ ഉദാരമനസ്കരായി.  ടീച്ചർ  വയറു പൊളിച്ച്  കൊടി  കുത്തി വച്ചിട്ടുള്ള തവളയുടെ പാർട്സ് ഏതൊക്കെ   ആണെന്നു നോക്കിയും, പാറ്റ, ചെമ്മീൻ എന്നിവയെ കീറി മുറിച്ച് അകത്തുള്ളതെല്ലാം പുറത്തേക്ക് വലിച്ചിട്ടും പാറ്റക്ക് എത്ര കണ്ണുണ്ട് ചെമ്മീനിനെത്ര കാലുണ്ട് എന്നു നോക്കി  പഠിച്ചും നിർവൃതി അടഞ്ഞു ഞങ്ങൾ.

ഡിഗ്രിക്ക് ചേർന്നപ്പോൾ ആദ്യം ബോട്ടണി എടുത്ത ഞാൻ പിന്നീട് അക്വാകൾചറിലേക്ക് ( ആർട്സ്കാരുടെ ഭാഷയിൽ പറഞ്ഞാൽ പുല്ലോളജിയിൽ നിന്നും മീനോളജിയിലേക്ക്) താമസം മാറ്റിയത് തന്നെ ബോട്ടണി സബ് ആയ സുവോളജിയിൽ തവളനെ കീറേണ്ടി വരുമല്ലോന്നുള്ള ബോധോദയം ഉണ്ടായപ്പോഴാണ്. പക്ഷെ അവിടെ എനിക്ക് തെറ്റി അക്വാകൾച്ചറിന്റെ സബ് സുവോളജിയിലും  തവളയെ  കീറൽ നിർബന്ധമായിരുന്നു. അത് അറിയാൻ വൈകി. ഇനീം എന്ത് ചെയ്യുംന്ന് കരുതി വിഷമിച്ചിരുന്നപ്പോഴാണു  തലയിൽ പെട്ടെന്നൊരു ഐഡിയ തെളിഞ്ഞത്. ഒന്നുകൂടെ പോയി മെയിൻ മാറ്റി literature ലേക്ക് ചേക്കേറാം (this idea can change my life!!!!!) അവിടാകുമ്പൊ ഈ ജീവനുള്ള സാധനങ്ങളെ കീറിപ്പൊളിച്ച് അവറ്റകൾടെ ശാപം വാങ്ങേണ്ടി വരില്ല( മനസ്സിൽ ഒരു ലഡ്ഡു പൊട്ടി) മിസ്സ് ആയിപ്പോയ പ്രാക്റ്റിക്കൽ ക്ലാസ്സ് മേക്കപ്പ് ചെയ്യാൻ ടീച്ചർടെ സാരിയിൽ തൂങ്ങി നടക്കണ്ട (മനസ്സിൽ മറ്റൊരു ലഡ്ഡു പൊട്ടി) പിന്നെ എല്ലാത്തിലും പ്രധാനമായി സൌകര്യം പോലൊക്കെ ക്ലാസ്സിൽ കയറിയാൽ മതി ( മനസ്സിൽ എക്സ്ട്രാ ഒരു ലഡ്ഡു കൂടെ പൊട്ടി). അങ്ങനെ ഒരു വെടിക്ക്  2 ,3 പക്ഷികളെ ഒപ്പിക്കാൻ പറ്റോലോന്നുള്ള സന്തോഷത്തോടെ ഗ്രൂപ്പ് മാറാൻ ചെന്ന എന്നോട് പൊട്ടിയ ലഡ്ഡു ഒക്കെ സൂപ്പർ ഗ്ലു വച്ചൊട്ടിച്ച് തിരികെ പാക്കറ്റിലേക്കിട്ടിട്ട് ഓഫീസിലുള്ള ആ കണ്ണിൽ ചോര ഇല്ല്ലാത്തവർ പറഞ്ഞു എന്റെ ഇപ്പോഴത്തെ സീറ്റിനു ആവശ്യക്കാർ  വേറെ ഉണ്ടെന്ന് (ഇത് വേണ്ടെങ്കിൽ കുടുംബത്ത് പോയിരുന്നോളാൻ).  അതോടെ ഗ്രൂപ് മാറാന്നുള്ള ആഗ്രഹം എടുത്ത് ഞാൻ അക്വാകൾച്ചർ ലാബിൽ ഇട്ടു (കോളേജിലെ പൊട്ടക്കുളം). അല്ലെങ്കിലും കോളേജ് ഓഡിറ്റോറിയത്തിനു ഫണ്ട് ഉണ്ടാക്കി കൊടുക്കാനല്ലല്ലൊ ഞാൻ ‘കഷ്ട്ടപ്പെട്ട്?‘ പഠിച്ച് പ്രീഡിഗ്രി പാസ്സായി ഡിഗ്രിക്ക് ചേർന്നത്.

 അപ്പൊ പറഞ്ഞ് വന്നത് തവളടെ കാര്യമാണ്. കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും   തവളയെ തൊടാനുള്ള  അറപ്പും വിഷമവും ആദ്യത്തെ 1 ,2 ദിവസം മാത്രമെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഒരു തവളയെ ഇങ്ങോട്ട് തരേണ്ട താമസം അതിനെപ്പിടിച്ച്    4, 5 മൊട്ടുസൂചി അടിച്ച് കയറ്റി കുരിശിൽ തറച്ചത് പോലെ ഡിസ്സെക്ഷൻ ബോർഡിൽ വെച്ച് ടീച്ചർടെ നിർദ്ദേശങ്ങൾക്കായി ഉത്സാഹത്തോടെ കാത്തു നിൽക്കുമായിരുന്നു.


ഞങ്ങൾ ലാബിൽ എത്തുമ്പോഴേക്കും ലാബ് അസിസ്റ്റന്റ് ചേട്ടൻ തവളകളെ റെഡി ആക്കി ഡിസ്സക്ഷൻ ബോർഡിൽ വച്ചിട്ടുണ്ടാകും . അന്നൊരു ദിവസം അസിസ്റ്റന്റ് ചേട്ടനു എന്തൊ അസൌകര്യം കാരണം ജൂനിയർ അസിസ്റ്റന്റിനായിരുന്നു ലാബ് ഡ്യൂട്ടി. തവളയുടെ കണ്ണിന്റെ ഭാഗത്തുള്ള 6th ക്രേനിയൽ നെർവ് എന്നൊ മറ്റൊ പറഞ്ഞ ഒരു സംഭവം ആണു കണ്ടെത്തേണ്ടിയിരുന്നത്. ടീച്ചർ ഒരു 1/2 മണിക്കൂർ കൊണ്ട്  അതിനെ  എങ്ങനെ കണ്ടെത്താം എന്ന് കാണിച്ച് തന്നു. ഇനി 1 1/2 മണിക്കൂർ ഞങ്ങൾക്കുള്ളതാണ്. ഡിസ്സെക്ഷൻ ബോർഡിൽ തവളയെ കമിഴ്ത്തി വച്ച് കയ്യും കാലും തലയും ഒക്കെ വലിച്ച് വച്ച് മൊട്ടുസൂചിയടിച്ചു. ഡിസ്സെക്ഷൻ തുടങ്ങി. കണ്ണ് ആവശ്യമെങ്കിൽ മാത്രം മാറ്റിയാൽ മതി എന്നു ടീച്ചർ നേരത്തെ പറഞ്ഞിരുന്നു. പക്ഷെ കണ്ണിന്റെ താഴെയുള്ള നെർവ് അല്ലെ അത് തോണ്ടി എടുക്കൂന്ന സമയത്തെങ്ങാൻ തവള കണ്ണു തുറന്നു നോക്കി concentration കളഞ്ഞാലൊ എന്നു കരുതി   ആദ്യം തന്നെ അതെടുത്ത് മാറ്റി. പിന്നീട്  കണ്ണിന്റെ ഭാഗത്തെ തൊലിയൊക്കെ കുറച്ച് നീക്കി നെർവ് കണ്ടു പിടിക്കാൻ ശ്രമം തുടങ്ങി. കുറച്ച് നേരം കഴിഞ്ഞപ്പൊ എവിടുന്നൊ ഒരു തവളടെ കരച്ചിൽ. ടാങ്കിൽ ബോധം പോകാതെ ബാക്കി കിടന്നിരുന്നതാകണം. ഞങ്ങൾ കീറിമുറിക്കൽ തുടർന്നു. അപ്പോളതാ പിന്നെയും കരച്ചിൽ. ഇത്തവണ തവളടെ കരച്ചിൽ മാത്രമായിരുന്നില്ല. അതിനേക്കാൾ മെനകെട്ട ഒരു മനുഷ്യക്കരച്ചിലും പിന്നാലെ വന്നു. നോക്കുമ്പോൾ അടുത്ത ടേബിളിൽ ആദ്യം നെർവ് കണ്ടെത്തുന്നത് താനായിരിക്കും എന്ന മട്ടിൽ തവളയുമായി മൽ‌പ്പിടുത്തം നടത്തിയിരുന്ന സുഹൃത്താണ്. കക്ഷി കീറിക്കൊണ്ടിരുന്ന കൊണ്ടിരുന്ന തവളയാണു കരഞ്ഞത്. അതിന്റെ ബോധം മുഴുവൻ പോയിരുന്നില്ല. ടീച്ചർ അസിസ്റ്റന്റ് ചേട്ടനെ വിളിച്ച് അതിനെ വീണ്ടും ബോധം കെടുത്താൻ കൊടുത്തു. ഞങ്ങൾ വീണ്ടും നെർവ് തപ്പൽ തുടർന്നു. പെട്ടെന്നതാ വീണ്ടും ഒരു കരച്ചിൽ.അതെന്റെ തവളയിൽ നിന്നാണെന്നു മനസ്സിലാക്കാൻ ഒരു നിമിഷം എടുത്തു. വീണ്ടും  കരയുന്നതിനു മുൻപെ തന്നെ ഞാൻ ഒരടി പുറകോട്ട് മാറി. ബാക്കിയുള്ള ഒരു കണ്ണ് തുറന്ന് എന്റെ നേർക്കത് ദേഷ്യത്തോടെ  നോക്കി. അടുത്ത കരച്ചിലിനോടൊപ്പം എന്നോടുള്ള സകല ദേഷ്യവും ശരീരത്തിലേക്കാവാഹിച്ച് സർവ്വ ശക്തിയുമെടുത്ത് അത്  ഡിസെക്ഷൻ ബോർഡിൽ നിന്നും ഒരൊറ്റ ചാട്ടം. ‘പ്‌ധിം’ ദാ കിടക്കുന്നു  താഴെ. ചാടിയത് എന്റെ നേർക്കായിരുന്നെങ്കിലും ചാട്ടം പിഴച്ചു. മൊട്ടുസൂചി അടിച്ചത് അത്ര ഉറപ്പിലായിരുന്നതിനാൽ  തവളക്ക്  ഈസിയായി സൂചിയും പറിച്ച് ചാടാൻ പറ്റി. ഇത് കൂടി കണ്ടതോടെ ബാക്കി എല്ലാവരും വെറുതെ റിസ്ക് എടുക്കണ്ടാന്നു കരുതി സൂചിയൊക്കെ ഒന്നു കൂടി അടിച്ചുറപ്പിക്കാൻ തുടങ്ങി.പക്ഷെ അപ്പോഴേക്കും എല്ലാം കൈവിട്ട് പോയിരുന്നു. മിക്കവാറും എല്ലാ തവളകളും കരച്ചിൽ തുടങ്ങി.  ലാബിൽ ഒരു തവള ഗാനമേള. പിന്നെയും കുറെ എണ്ണം കൂടെ സൂചിയും പറിച്ച് താഴേക്ക് ചാടി. ഒരു കണ്ണില്ലാതെ ചോരയും ഒലിപ്പിച്ച് തലങ്ങും വിലങ്ങും ചാടുന്ന തവളകൾ ഒരു ഭാഗത്ത്. തവളകൾ ചാടുമ്പോൾ അതിനേക്കാൽ വല്ല്യ ചാട്ടം ചാടി ഞങ്ങൾ മറു ഭാഗത്തും. കുറെപ്പേർ പേടിച്ച് ബെഞ്ചിനു മുകളിലൊക്കെ കയറി. ലാബ് മൊത്തം ബഹളമയം. സാധാരണ നിലക്ക് ഞങ്ങൾ ലാബിലുള്ളപ്പൊ അതിനകത്താരെകിലുമുണ്ടൊ എന്നു കയറി നോക്കിയാൽ മാത്രം അറിയുന്നിടത്ത് ( ഒരു തവളനെയെ ഒരു ഡിസ്സെക്ഷന് കിട്ടു അപ്പൊ സംസാരിച്ച് നിന്നു ഡിസ്സെക്ഷൻ ശരിക്ക് നടത്തിയില്ലെങ്കിൽ പിന്നെ  അതെ ഡിസ്സക്ഷൻ നടത്താനുള്ള തവളയെ എക്സാം ഹാളിലെ കാണു. അല്ലെങ്കിൽ പിന്നെ ടീച്ചർടെം അസിസ്റ്റന്റിന്റെം ഒക്കെ കയ്യും കാലും പിടിക്കണം.അതാ ലാബിൽ ഇത്ര മര്യാദ അല്ലാതെ ഞങ്ങളെല്ലാം അത്ര മര്യാദക്കാരായിരുന്നോന്ന് തെറ്റിദ്ധരിക്കരുതെ......) പതിവില്ലാത്ത ബഹളം കേട്ടപ്പൊ  ലാബിനു മുൻപിലെ വരാന്തയിലൂടെ പോയവരൊക്കെ എന്താണെന്നറിയാൻ ജനലിലൂടെ എത്തി നോക്കാൻ തുടങ്ങി. ആരൊക്കെയൊ ചീഫ് അസിസ്റ്റന്റ് ചേട്ടനെ വിളിക്കാൻ ഓടി. ആളു വന്ന്  ഒരു വിധത്തിൽ തവളകളെ പിടിച്ച് ടാങ്കിലിട്ട് വീണ്ടും ക്ലോറോഫോം കൊടുത്തത്തിനു ശേഷമാണു എല്ലാർടേം ശ്വാസം നേരെ വീണത് ........ജൂനിയർ ചേട്ടൻ കൊടുത്ത ക്ലോറോഫോമിന്റെ അളവ് കുറഞ്ഞ് പോയതാണത്രെ.....അത്  കൂടീട്ടിനി തവളകൾ ചത്ത് പോകേണ്ടാന്നു കരുതിയിട്ടാകണം. ഞങ്ങൾക്ക് കീറി മുറിക്കാനാണ് ഇവറ്റകളെ തരുന്നതെന്നു ആൾക്ക് അറിയില്ലായിരുന്നൊ എന്തൊ?....അതിനു ശേഷം കുറേ ദിവസത്തേക്ക് സ്വപ്നത്തിൽ മുഴുവൻ ഒറ്റക്കണ്ണുമായി ചോരയൊലിപ്പിച്ച് ചാടുന്ന തവളകളുടെ മാർച്ച്പാസ്റ്റ് ആയിരുന്നു...

19 അഭിപ്രായങ്ങൾ:

അലി പറഞ്ഞു...

കുഞ്ഞാമിനാന്റെ തവളപുരാണം കൊള്ളാം.

പക്ഷെ ആ മിണ്ടാപ്രാണികളുടെ കണ്ണും കുത്തിപൊട്ടിച്ച് വയറും കീറുന്നത് കഷ്ടല്ലേ?

ശ്രീ പറഞ്ഞു...

പാവം തവളകള്‍... അവരെന്തു തെറ്റു ചെയ്തിട്ടാ...

രസകരമായി എഴുതിയിട്ടുണ്ട്

മഴയുടെ മകള്‍ പറഞ്ഞു...

kollam ketoo

Naushu പറഞ്ഞു...

പാവം തവളകള്‍...

Unknown പറഞ്ഞു...

തവളകളുടെ കാര്യം കഷ്ടം തന്നെ

പോസ്റ്റ്‌ നന്നായിട്ടുണ്ട്

Faisal Alimuth പറഞ്ഞു...

ഇപ്പോഴും നാട്ടില്‍ തവളകള്‍ ഉണ്ടോ..?
നന്നായിരിക്കുന്നു കുഞ്ഞാമിന, ഈ തവളചാട്ടം.!!

പട്ടേപ്പാടം റാംജി പറഞ്ഞു...

പാവം തവളകള്‍....
രസമായി എഴുതി കുഞ്ഞാമിന.

yousufpa പറഞ്ഞു...

തവള ഒരു പ്രേമ ചിഹ്നമായത് ഞങ്ങളുടെ ദാമ്പത്യജീവിതത്തിൽ ആണ്‌.അതിനെ കുറിച്ച് അടുത്ത് തന്നെ ഞാൻ ഒരു പോസ്റ്റിടുന്നുണ്ട്.“സ്നേഹമണ്ഡൂകം”

ഹംസ പറഞ്ഞു...

വായിക്കുമ്പോല്‍ തന്നെ പാവം തൊന്നുന്നു.

കൊന്നപാപം തിന്നു തീര്‍ക്കണമെന്നാ,, ക്ലാസ് കഴിഞ്ഞു പോരുമ്പോള്‍ തവളെയെ കറിവെക്കാന്‍ വീട്ടിലേക്ക് കൊണ്ട് പോരുമോ? :D

അഭി പറഞ്ഞു...

പാവം തവളകള്‍
പോസ്റ്റ്‌ നന്നായിട്ടോ

തൂലിക നാമം ....ഷാഹിന വടകര പറഞ്ഞു...

തവളയെ കീറി മുറിക്കല്‍ മാത്രമല്ല
തവള ചാട്ടം കൂടി പഠിക്കാന്‍ കയിഞ്ഞല്ലോ ...
എന്നാലും ആ ഒറ്റ കണ്ണന്‍ തവളയുടെ കാര്യം
കഷ്ട്ടം തന്നെ ...
നന്നായീ ട്ടോ .. ആശംസകള്‍ ...

Jishad Cronic പറഞ്ഞു...

നന്നായിരിക്കുന്നു കുഞ്ഞാമിന.

F A R I Z പറഞ്ഞു...

"ഇത്തവണ തവളടെ കരച്ചിൽ മാത്രമായിരുന്നില്ല. അതിനേക്കാൾ മെനകെട്ട ഒരു മനുഷ്യക്കരച്ചിലും പിന്നാലെ വന്നു."
എന്താ ഈ "മെനകെട്ട'

തവള കഥയല്ലേ,വലിയ രസം തോന്നിയില്ല.
എന്നാലും വായിച്ചു.വളരെ സരസമായി ആര്‍ജവത്തോടെ കാര്യങ്ങള്‍ പറയാനറിയാം
എന്ന് മനസ്സിലായി.ഒരു "ഹൈ ഹീല്‍ " കഥ പറഞ്ഞ പോസ്റ്റും വായിച്ചിരുന്നു.സ്വന്തം മാഹാത്മ്യം മാത്രമേ പറയു എന്നുണ്ടോ?
എഴുതാന്‍ നന്നായറിയാം.സമകാലീന പ്രസക്തിയുള്ള എന്തെങ്കിലും വിഷയം തിരഞ്ഞെടുക്കാമല്ലോ.എങ്കിലേ പ്രതികരിക്കാനൊരു രസമുള്ളൂ.

എഴുതുക ഒരുപാട്
ഭാവുകങ്ങളോടെ
---ഫാരിസ്‌

Sirjan പറഞ്ഞു...

പാവം. വായിച്ചപ്പോള്‍ തവളകളുടെ ആ അവസ്ഥ മനസില്‍ നിന്നും മായുന്നില്ല. സംഗതി കോമഡി രൂപത്തില്‍ പറഞ്ഞെങ്കിലും ആ കോമഡി ആസ്വദിക്കാന്‍ പറ്റിയില്ല.

Fayas പറഞ്ഞു...

തവളകള്‍ക്ക് നിത്യശാന്തി നേരുന്നു..........

K@nn(())raan*خلي ولي പറഞ്ഞു...

പാവം പാവം തവളക്കുഞ്ഞാമി..!

Unknown പറഞ്ഞു...

wht a blog ....setji

HAINA പറഞ്ഞു...

കൊള്ളാം

VineshNarayanan പറഞ്ഞു...

nannayi ....onnu cheenjalalle onninu valamaku....thavalaym manushyanum....asamsakal...