2010, മേയ് 25

വിശപ്പ്

സൂര്യരശ്മികൾ മുഖത്ത് വന്നു പതിച്ചപ്പോൾ അപ്പു കണ്ണു തുറന്നു. അവൻ ആൽത്തറയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു. കഴിയുന്നില്ല. വയർ കത്തിയെരിയുന്ന വിശപ്പ്. 2 ദിവസമായി എന്തെങ്കിലും ശരിക്ക് കഴിച്ചിട്ട്. കയ്യിൽ ബാക്കിയുണ്ടായിരുന്ന ചില്ലറ കൊണ്ട് വാങ്ങിയ ഒരു പഴവും പൈപ്പിലെ വെള്ളവും കൊണ്ട് ഇന്നലെ വയറു നിറച്ചു. വിശപ്പ് കാരണം ശരിക്ക് ഉറങ്ങാൻ പോലും പറ്റിയില്ല. ഉറങ്ങാൻ പറ്റിയിരുന്നെങ്കിൽ അത്രയും നേരം കൂടെ വിശപ്പ് അറിയണ്ടായിരുന്നു. ‘ഇന്ന് ഇനി ഒരിത്തിരി ആഹാരത്തിനെന്താ ഒരു വഴി’ അവൻ ചിന്തിച്ചു.
ഒരു ജോലി അന്വെഷിച്ച് എവിടെയൊക്കെ അലഞ്ഞു. ഇത്തിരിപ്പോന്ന തനിക്ക് പറ്റിയ ജോലിയൊന്നും ഇല്ലത്രെ. കൂലി ഒന്നും വേണ്ട ആഹാരം മാത്രം തന്നാൽ മതിയെന്നു പറഞ്ഞിട്ട് പോലും ആരും ഒരു ജോലിയും തന്നില്ല. അവസാനം ഒരു വീട്ടിൽ സഹായത്തിനു നിന്നോളാൻ പറഞ്ഞു. കടയിൽ പോക്കും ചെടിക്ക് നനക്കലും അവിടുത്തെ ചെറിയ കുട്ടിയെ നോക്കലുമൊക്കെ ആയി കുറച്ച് ദിവസം കഴിഞ്ഞ് കൂടി. സന്തോഷത്തോടെ അവിടെ നിൽക്കുമ്പോളാണു ബാലവേല കുറ്റകരമാണെന്നൊക്കെ പറഞ്ഞ് അവിടെ വന്ന ആരൊ അവരെ പേടിപ്പിച്ചത്. അതെന്താണെന്നു അപ്പുനു ആദ്യം മനസ്സിലായില്ല. പിന്നെയാണു കുട്ടികളെ ജോലിക്ക് നിർത്തിയാൽ പോലിസ് പിടിക്കുംന്നാണവർ പറഞ്ഞതെന്നു മനസ്സിലായത്. അങ്ങനെ ആ ജോലി പോയി. അവിടുന്ന് പോരുമ്പൊ അവർ തന്ന കുറച്ച് പൈസ കൊണ്ട് ഇത് വരെ ആഹാരം കിട്ടി. ഇനി എന്ത് വേണംന്നറിയില്ല. എങ്ങനെയെങ്കിലും ഒരു ജോലി കണ്ടു പിടിക്കണം.ആരുടെ മുൻപിലും കൈ നീട്ടരുതെന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്.
അമ്മ ഉണ്ടായിരുന്നപ്പോൾ എന്ത് സുഖമായിരുന്നു. അപ്പുവും അമ്മയും കൂടെ സന്തോഷമായിട്ടാണു കഴിഞ്ഞിരുന്നത്. അന്നൊന്നും അപ്പു  പട്ടിണി ആയിട്ടില്ല. സ്കൂളിൽ പോയി വരുമ്പോഴെക്കും എന്തെങ്കിലുമൊക്കെ ജോലി ചെയ്ത് അന്നത്തേക്കുള്ള വക ഉണ്ടാക്കും. അമ്മ പോയതോടെ എല്ലാം കഴിഞ്ഞു. അമ്മയെക്കുറിച്ചോർത്തതോടെ അപ്പുന് കരച്ചിൽ വന്നു. അമ്മയെ പെട്ടെന്നു വിളിച്ചോണ്ട് പോയ ദൈവത്തിനോട് ദേഷ്യവും.
അവൻ പതിയെ ആൽത്തറയിൽ നിന്നിറങ്ങി അടുത്തുള്ള പൈപ്പിനടുത്തേക്ക് നടന്നു. കുറെ വെള്ളം കുടിച്ചു. ഇനി എന്ത് ചെയ്യണംന്നറിയില്ല. തിരിച്ച് ആൽത്തറയിൽ തന്നെ ചെന്നിരിക്കാം വെയിലിത്തിരി കുറയുമ്പൊ വല്ല ജോലിയും കിട്ടുമോന്ന് അന്വെഷിച്ചിറങ്ങാം. ചിന്തയോടെ അപ്പു ആൽത്തറയിലേക്ക് നടന്നു. പക്ഷെ അധികം നടക്കേണ്ടി വന്നില്ല. മരണം ഒരു പാമ്പിന്റെ രൂപത്തിൽ അവനെ കാത്ത് വഴിയിൽ കിടന്നിരുന്നു.

25 അഭിപ്രായങ്ങൾ:

അലി പറഞ്ഞു...

അങ്ങിനെ അപ്പു വിശപ്പില്ലാത്ത ലോകത്തേക്ക്...

കുഞ്ഞാമിനയുടെ കുഞ്ഞുകഥ നന്നായി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

"അഭിപ്രായങ്ങളും വിമർശനങ്ങളും സത്യസന്ധമായി എഴുതു....." എന്ന് ആദ്യമേ പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം പറയാം.
ബാലവേല നിരോധിക്കേണ്ടതു ഭരണകൂടമാണ്.അതിനു മുന്‍പ്‌ ബാലവേല ഉണ്ടാകുന്ന സാഹചര്യങ്ങളാണ് ഇല്ലാതാക്കേണ്ടത് എന്ന ധ്വനി ഈ കഥയില്‍ ഉണ്ടെന്നത് നല്ല സന്ദേശം ആയി തന്നെ കാണുന്നു.
എന്നാല്‍ ,ക്ലൈമാക്സ് വേറൊരു രീതിയില്‍ ആയിരുന്നേല്‍ നന്നായേനെ എന്ന് തോന്നുന്നു.ഒരു പൂര്‍ണത അനുഭവപ്പെടുന്നില്ല.അതിനു പകരം - ആല്‍ത്തറ,അമ്പലം, ഭക്ഷണം കൊണ്ട് തുലാഭാരം,അത് കാണുന്ന അപ്പുവിന്റെ മനസ്സ്‌,അവന്‍ എങ്ങനെ പ്രതികരിക്കുന്നു , പ്രതികരിച്ചാല്‍ ജനത്തിന്റെ കാഴ്ചപ്പാട്.... എന്നിങ്ങനെ കഥ ഒന്ന് വികസിപ്പിക്കരുതോ? ( ക്ഷമിക്കണം..ഇത് എന്റെ മനസ്സില്‍ തോന്നിയ കാര്യമാ..ശരിയാകണമെന്നില്ല )
വീണ്ടും എഴുതുക.തിരുത്തി വീണ്ടും എഴുതുക. ധൃതിപ്പെടാതെ വീണ്ടും തിരുത്തി പോസ്റ്റുക. ഭാവുകങ്ങള്‍!!

ശ്രീ പറഞ്ഞു...

തുടക്കം നന്നായി; പക്ഷേ പെട്ടെന്ന് അവസാനിപ്പിച്ചതു പോലെ തോന്നി

പട്ടേപ്പാടം റാംജി പറഞ്ഞു...

പ്രായഭേദമന്യേ വിശപ്പ്‌ പടര്‍ന്നിരങ്ങുന്നത് വല്ലാത്തൊരവസ്ഥയിലേക്കാണ്.
കാമ്പുള്ള കൊചുകഥ നന്നായി.

ജിപ്പൂസ് പറഞ്ഞു...

'വിശപ്പിന്‍റെ വിളി'.
കുറച്ച് കൂടെ നന്നാക്കാമായിരുന്നു :)
ഇസ്മായില്‍ക്കാന്‍റെ അഭിപ്രായം ശ്രദ്ധിക്കുക കുഞ്ഞാമിന.ആശംസകള്‍...

കൂതറHashimܓ പറഞ്ഞു...

മ്മ്.......
(അവസാനം അപ്പു മരിച്ചത് ഇഷ്ട്ടായില്ലാ)

Anoop പറഞ്ഞു...

അപ്പുവിന്‍റെ കഥ നന്നായിട്ടുണ്ട്. അപ്പുവിന്‍റെ പ്രശ്നത്തിന് പോലീസുകാരോ ,ആ വീട്ടുകാരോ ഒരു പോംവഴി പറയുന്നില്ലല്ലോ ?
പിന്നെ അപ്പുവിനെ പാമ്പ് കടിക്കണ്ടാരുന്നു....

അഭി പറഞ്ഞു...

അപ്പുവിന്റെ കഥ നന്നായിട്ടുണ്ട്
വിശപ്പും സങ്കടങ്ങളും ഒന്നും ഇല്ലാത്ത ഒരു ലോകത്ത് അപ്പുവിന്റെ കത്ത് അമ്മ ഉണ്ടാകുമല്ലേ

ഹംസ പറഞ്ഞു...

നല്ല കഥയാണ് നല്ല ഒരു ആശയവും ഉണ്ട് .! പാരാഗ്രാഫ് തിരിച്ച് എഴുതിയിരുന്നു എങ്കില്‍ വായിക്കാന്‍ ഒരു സുഖം ഉണ്ടാവും ശ്രദ്ധിക്കുമല്ലോ. ! കഥകള്‍ ഇനിയും വരട്ടെ.!

Naushu പറഞ്ഞു...

ആദ്യമായിട്ടാണിവിടെ....

കഥയും ആശയവും നന്നായി...
പെട്ടന്ന് തീരന്നത് പോലെ തോന്നി...

എല്ലാവിധ ഭാവുകങ്ങളും.

sm sadique പറഞ്ഞു...

എഴുത്ത് തുടരൂ. ...
ചില സ്നേഹിതരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാൽ കൊള്ളാമായിരിന്നു.

മഴയുടെ മകള്‍ പറഞ്ഞു...

കുഞ്ഞാമിന,

കഥയുടെ ആശയം കൊള്ളാം. ഇസ്മായിലിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ഒരു പൂര്‍ണത കിട്ടുന്നില്ല. അല്‍പം കൂടി നീട്ടി എഴുതാമായിരുന്നു. അതിനര്‍ത്ഥം കഥ മോശമാണെന്നില്ല. തുടരുക.

അജ്ഞാതന്‍ പറഞ്ഞു...

എന്റെ കുഞ്ഞാമിനത്താത്താ.... ഇങ്ങളു ഇനിയും ധാരാളം എഴുതിക്കോ ഈക്കഥയുടെ ആശയം എനിക്കു പെരുത്തിഷ്ട്ടായി ..പാവം ന്റെ കുട്ടി വിഷപ്പ് സഹിക്കാൻ എന്നെ കൊണ്ടു കയ്യൂല പിന്നെ അവന്റ്റെ കാര്യം എന്തു പറയാനാ.. ഇത്തിരി പോന്ന കൂട്ട്യേളെ കൊണ്ട് വേല ചെയ്യിക്കുന്ന മനുസന്മാരെ പച്ചക്ക് കത്തിക്കണം അല്ലെ പിന്നെ!!!!! എന്നാലും ജ്ജ് നമ്മളെ തണലും മറ്റും പറഞ്ഞത് മുഖവിലക്കെടക്കണം ട്ടോ ഇക്കഥയുടെ ക്ലൈമാക്സ് ഇങ്ങളു ശ്രമിച്ചെങ്കില് അസ്സലാക്കാമായിരുന്നു... ( അപ്പോ ഇങ്ങളു കോളെജിലൊക്കെ പോയിക്ക് ണു അല്ലേ.........) ഇനിയും ഒത്തിരി എഴുതാം കഴിയട്ടെ ..ബലിയ കഥാകാരി ആകട്ടെ..

jayanEvoor പറഞ്ഞു...

പാവം അപ്പു...
പുതുമയുള്ള കഥകളുമായി ബൂലോകം നിറയാൻ കുഞ്ഞാമിനയ്ക്ക് ആശംസകൾ!

Sulfikar Manalvayal പറഞ്ഞു...

വിശപ്പ്‌ ..... നന്നായി അവതരിപ്പിച്ചു.
പക്ഷെ കഥാകാരിക്ക് കഥ പെട്ടെന്ന് പറഞ്ഞു തീര്‍ക്കാന്‍ ധൃതി ഉള്ളത് പോലെ തോന്നി.
പെട്ടെന്ന് തന്നെ അപ്പുവിനെ മരണം കൊണ്ട് പോയി. ഒറ്റ വരിയില്‍ അവസാനിപ്പിച്ചു.
നല്ല ആശയം. ഇത്തിരി കൂടെ പരത്തി പരയാമായിരുന്നെന്നു തോന്നി.
ഭാവുകങ്ങള്‍.

കുഞ്ഞാമിന പറഞ്ഞു...

മഴയുടെ മകൾ, ഉമ്മു അമ്മാർ, jayan,SULFI അഭിപ്രായത്തിനു നന്ദി എല്ലാവർക്കും. എല്ലാവരുടെയും അഭിപ്രായങ്ങൾ മുഖവിലക്കെടുക്കുന്നു. അടുത്ത തവണ കുറെക്കൂടി നന്നാക്കാൻ ശ്രമിക്കാം.

ഒഴാക്കന്‍. പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഒഴാക്കന്‍. പറഞ്ഞു...

നല്ല കഥ!

തുടര്‍ന്നും എഴുതു!

Sulfikar Manalvayal പറഞ്ഞു...

അങ്ങിനെ ഞാന്‍ ആദ്യ പിന്‍തുടര്‍ച്ചാവകാശിയായി തീര്‍ന്നിരിക്കുന്നു.
ചിലവ് ചെയ്യണം.

സിനു പറഞ്ഞു...

പാവം അപ്പു...ഒരു കണക്കിന് അപ്പു മരിച്ചത് നന്നായി
അവനു അവന്റെ അമ്മേടെ അടുത്തെത്താലോ..
കഥ ഇഷ്ട്ടായിട്ടോ..
ആശംസകള്‍

(കൊലുസ്) പറഞ്ഞു...

കഥ long ആകുമ്പോള്‍ അയ്യോ long ആയിപ്പോയീ എന്ന് comment വരും. short ആയാല്‍ complete ആയില്ലെന്നു complaint വരും. അതുകൊണ്ട് കണ്ണടചു എഴുതിക്കോ. ഒന്നുകില്‍ long. അല്ലങ്കില്‍ short. ഇത്താന്റെ കഥ ഇഷ്ട്ടായിട്ടോ. എന്നാലും അപ്പൂനെ എന്തിനാ കൊന്നത്!
അതെനിക്ക് ഇഷ്ട്ടായില്ല. അതുകൊണ്ട് ഈ കമന്റു കിട്ടിയാല്‍ last portion മാറ്റുമെന്ന് കരുതുന്നു.

perooran പറഞ്ഞു...

appu............

Anil cheleri kumaran പറഞ്ഞു...

ഇത്രയും മനോഹരമായി എഴുതിയ ആള്‍ക്ക് കുറച്ച് കൂടി വലിയ ക്യാന്‍‌വാസ് വഴങ്ങും.

ahlamsubair പറഞ്ഞു...

പാ‍വം അപ്പു. അവന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ. പാമ്പിന് ഈ സമയം മാത്രമെ കിട്ടിയുള്ളു.

കുഞ്ഞാമിന പറഞ്ഞു...

ahlam, കുമാരൻ നന്ദി ആദ്യ വരവിനും അഭിപ്രായത്തിനും